കുമരകം: കുമരകത്ത് ഓണപ്പരീക്ഷ എഴുതാന്‍ പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പട്ടി ഓടിച്ചു. മറുത്തൊന്നും ചിന്തിക്കാതെ ബാഗുമായി കുളത്തിലേയ്ക്ക് ഒറ്റ ചാട്ടം. കണ്ടു നിന്ന ആളുകളെ ഒന്നടങ്കം ഭീതിയിലാഴ്ത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടി എന്തിനാണ് കുളത്തിലേയ്ക്ക് ചാടിയതെന്ന ആശങ്കയായിരുന്നു ആളുകള്‍ക്ക്. പിന്നാലെ വന്ന നായയെ ആരും ശ്രദ്ധിച്ചിരുന്നില്ല.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അംബരീഷ് എന്ന പയ്യനാണ് അല്‍പ്പനേരത്തേയ്‌ക്കെങ്കിലും ഭീതി സൃഷ്ടിച്ചത്. ബോട്ട് ജെട്ടിയില്‍ ഇന്നലെ രാവിലെ 9നാണ് സംഭവം. ബോട്ട് ജെട്ടിയിലും പരിസരത്തും ധാരാളം ആളുകള്‍ നില്‍ക്കുമ്പോഴായിരുന്നു പെട്ടെന്ന് അംബരീഷ് കുളത്തിലേയ്ക്ക് ചാടിയത്. യൂണിഫോം ധരിച്ച കുട്ടി ബാഗുമായി വെള്ളത്തിലേക്കു ചാടുന്നതു പലരും കണ്ടെങ്കിലും എന്താണു സംഭവമെന്ന് ആര്‍ക്കും മനസിലായില്ല.
കുട്ടിയെ രക്ഷിക്കാന്‍ പലരും ഓടിയടുത്തു. ഉടനെ അംബരീഷ് വെള്ളത്തില്‍ നിന്ന് തല ഉയര്‍ത്തി വരികയായിരുന്നു. ഇതോടെ നീന്തല്‍ അറിയാവുന്ന കുട്ടിയാണെന്ന് മനസിലായതോടെ പലരും പിന്‍വാങ്ങി. എന്നാല്‍ അംബരീഷിനെ കാത്ത് ആ പട്ടി കടവില്‍ കാത്ത് നിന്നിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് കരയ്ക്കു ‘കാത്തുനിന്ന’ നായയെ ഓടിക്കുകയായിരുന്നു. ശേഷമാണ് അംബരീഷ് കരയ്ക്ക് കയറിയത്. വീട്ടില്‍ പോയി നനഞ്ഞ യൂണിഫോം മാറിയ ശേഷമാണ് അംബരീഷ് പരീക്ഷയ്ക്കു പോയത്. ശ്രീകുമാരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അംബരീഷ്.