മലപ്പുറം: രണ്ടാംപ്രളയത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കേരളത്തിന് കൈത്താങ്ങായി അബുദാബിയില്‍ നിന്നൊരു രണ്ടാം ക്ലാസുകാരി മിടുക്കി. അബുദാബിയിലെ മയ്യൂര്‍ പ്രൈവറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്വിമ അല്‍ സഹറ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കാന് തന്റെ കുഞ്ഞു സമ്പാദ്യവുമായി അബുദാബിയില്‍ നിന്ന് എത്തിയത്.
വര്‍ഷങ്ങളായി കൊച്ചു കുടുക്കയില്‍ സ്വരൂപിച്ച 360 ദിര്‍ഹവും (എഴായിരം രൂപ) മലപ്പുറം കലക്ടര്‍ ജാഫര്‍ മാലികിന് നേരിട്ട് ഏല്‍പ്പിച്ച് താരമായിരിക്കുകയാണ് രണ്ടാം ക്ലാസ്സുകാരി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ തുക ഏറ്റുവാങ്ങി.
വേങ്ങര സ്വദേശി ഉപ്പൂപ്പ മുഹമ്മദ് അബ്ബാസിന്റെയും ഉമ്മൂമ്മ ജൂവൈരിയുടെയും ഉമ്മ അജിഷയുടെയും ഒപ്പം എത്തിയാണ് ഫാത്വിമ അല്‍ സഹറ കലക്ടര്‍ക്ക് തുക കൈമാറിയത്.
വര്‍ഷങ്ങളായി ഉപ്പയും ഉമ്മയും നല്കിയ സ്നേഹ സമ്മാനങ്ങളായിരുന്നു അവള് കുടുക്കയില്‍ നിക്ഷേപിച്ചിരുന്നത്. പ്രളയകാഴ്ചകള്‍ ടിവിയിലൂടെയും വീഡിയോകളിലൂടെയും കണ്ടതോടെയാണ് ഏറെ നാളത്തെ തന്റെ കുടുക്ക പൊട്ടിക്കാന്‍ അവള് ആലോചിച്ചത്. മാതാപിതാക്കളുടെ പിന്തുണ കൂടിയായപ്പോള്‍ വെക്കേഷന് നാട്ടില്‍ വരുമ്പോള്‍ തുക നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. വെക്കേഷന് കഴിഞ്ഞ് അടുത്ത മാസം 14ന് ഫാത്വിമ തിരികെ അബുദാബിയിലേക്ക് പുറപ്പെടും.
അബുദാബിയിലെ ഡിഫന്‍സ് എഞ്ചിനീയറായ തലശ്ശേരി സ്വദേശി അബ്ദുല്‍ റഹീമിന്റെയും വേങ്ങര സ്വദേശിനി അജിഷയുടെയും മകളാണ് ഫാത്വിമ.
Discussion about this post