ചാലക്കുടി: കറുകുറ്റി പേരാമ്പ്ര ദേശീയപാതയില്‍ നടന്ന ബൈക്ക് അപകടത്തില്‍ ജ്യേഷ്ഠനു പിന്നാലെ അനുജത്തിയും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ കറുകുറ്റി കല്ലറ ചുള്ളി ദേവസിയുടെ മകന് ജീറൊ ദേവസി(26) മരണപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകള്‍ വിഫലമാക്കിയായിരുന്നു ജീറോ മടങ്ങിയത്. മകളെയെങ്കിലും തിരികെ ലഭിക്കുണമെന്ന പ്രാര്‍ത്ഥനകള്‍ പോലും ഫലം കണ്ടില്ല.
ജീറോയ്ക്ക് കൂട്ടായി അനുജത്തി ജീന ദേവസി (24)യും മരണത്തിന് കീഴടങ്ങി. രണ്ട് മക്കളുടെയും അപ്രതീക്ഷിത യാത്രയില്‍ കുടുംബം താങ്ങാനാകാതെ തേങ്ങുകയാണ്. ഏവരുടെയും പ്രിയങ്കരമായ ചേട്ടന്റെയും അനിയത്തിയുടെയും വിയോഗം നാടിനെയും ഒരു പോലെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീറൊ ഉടനെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജീന തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഇവരുടെ സഹോദരന് ജിപിന്റെ ഭാര്യയെ പ്രസവത്തെത്തുടര്‍ന്ന് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കണ്ട് മടങ്ങുമ്പോഴായിരുന്നു അപകടം.