റിസര്‍വോയറില്‍ ചാക്ക് കണക്കിന് മാലിന്യം തള്ളി; യുവാവിനെ പോലീസ് വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ചു

ജലസംഭരണിക്ക് സമീപമുള്ള തീരം റോഡില്‍ കരമനയാറിലെ റിസര്‍വോയറിലാണ് ശനിയാഴ്ച രാവിലെ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയില്‍ മാലിന്യങ്ങള്‍ നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്

അരുവിക്കര: ജലസംഭരണിയില്‍ മാലിന്യം തള്ളിയ യുവാവിനെ പോലീസ് വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി ശിവരാജാണ് ജലസംഭരണിയില്‍ മാലിന്യം തള്ളിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ അരുവിക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജലസംഭരണിക്ക് സമീപമുള്ള തീരം റോഡില്‍ കരമനയാറിലെ റിസര്‍വോയറിലാണ് ശനിയാഴ്ച രാവിലെ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയില്‍ മാലിന്യങ്ങള്‍ നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതോടെ ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ശിവരാജനാണ് മാലിന്യം തള്ളിയതെന്നു കണ്ടെത്തി. തുടര്‍ന്ന് ഇയാളെ വിളിച്ചു വരുത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയായിരുന്നു. അരുവിക്കര ജലസംഭരണിയിലെ റിസര്‍വോയറുകളില്‍ പ്ലാസ്റ്റിക് ചാക്ക് കണക്കിന് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ റിസര്‍വോയര്‍ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെയും മാലിന്യങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അരുവിക്കര പോലീസ് അറിയിച്ചു.

Exit mobile version