കല്ലറ: സനല്‍ കുമാര്‍ വധക്കേസില്‍ കുറ്റാരോപിതനായ ഡിവൈഎസ്പി ഹരികുമാറിന്റെ മരണം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഹരികുമാറിനെ തേടി പോലീസ് അന്യസംസ്ഥാനങ്ങളില്‍ പരിശോധന ശക്തമാക്കുമ്പോഴാണ് എസ്പി സ്വന്തം വീട്ടില്‍ വെച്ച് ജീവനൊടുക്കിയത്. കേരളമെങ്ങും ഒരാഴ്ചയായി ചര്‍ച്ച ചെയ്യുന്ന പ്രമാദമായ കേസിലെ പ്രതിയും ഉന്നതപോലീസ് ഉദ്യോഗസ്ഥനുമായ ഇയാള്‍ സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്തത് പോലീസിനെയുള്‍പ്പെടെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏറെ ചീത്തപ്പേരും വിവാദ ഉദ്യോഗസ്ഥന്‍ എന്ന പേര് നിലനില്‍ക്കുമ്പോഴും നാട്ടിലെ ഏവരുടെയും പ്രിയപ്പെട്ടവനാണ് ഹരികുമാര്‍. രാവിലെ മരണവിവരം പുറത്തുവന്നപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ ബന്ധുക്കളും നാട്ടുകാര്‍ക്കും സാധിച്ചില്ല. ചാനലുകളിലൂടെ വിവരം പുറത്തുവന്നപ്പോഴാണ് നാട്ടുകാര്‍ പോലും വിവരമറിയുന്നത്. ഇത് ഇവരില്‍ ഏറെ ആഘാതം സൃഷ്ടിച്ചു.
കല്ലറയ്ക്കടുത്ത കതിരുവിളയില്‍ പരേതരായ ബാലന്‍ പിള്ള, വിശാലാക്ഷി ദമ്പതിമാരുടെ അഞ്ചുമക്കളില്‍ ഇളയവനായ ഹരികുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം മിതൃമ്മല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കോളേജ് വിദ്യഭ്യാസം നിലമേല്‍ കോളേജിലുമാണ് പൂര്‍ത്തിയാക്കിയത്. പഠനകാലത്തുതന്നെ മികച്ച കായികതാരമായിരുന്ന ഇദ്ദേഹം പ്രദേശത്തെ കബഡി, വോളിബോള്‍ ടീമുകളില്‍ അംഗമായിരുന്നു. കുടുംബ വീടിരുന്ന സ്ഥലത്ത് സഹോദരനും റിട്ട. ലേബര്‍ ഓഫീസറുമായ മാധവന്‍ പിള്ള വീടുവയ്ക്കുകയും ഹരികുമാര്‍ കല്ലമ്പലത്തിനുസമീപം ഭാര്യവീടിനടുത്ത് താമസം മാറുകയും ചെയ്തു.
എന്നാലും നാട്ടിലെ മരണം, ഗൃഹപ്രവേശനം, കല്യാണം തുടങ്ങി എല്ലാ ചടങ്ങുകള്‍ക്കും ഇദ്ദേഹം കുടുംബവുമായെത്തുമായിരുന്നു. നെയ്യാറ്റിന്‍കര സംഭവത്തില്‍ ഹരികുമാര്‍ ഓടിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കതിരവിളയിലെ വീട്ടില്‍നിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. മാധ്യമങ്ങളില്‍ ഹരികുമാറിനെ സംബന്ധിച്ചുവന്ന വാര്‍ത്തകളൊന്നും വിശ്വസിക്കാനാകില്ലെന്നാണ് ഇവിടുത്തുകാരുടെ പക്ഷം. അത്തരൊത്തിലൊരു പ്രവര്‍ത്തി ഹരികുമാറില്‍ നിന്ന് ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ഇവര്‍ പറയുന്നത്. കല്ലമ്പലത്തെ അയല്‍വാസികള്‍ക്കും ഹരികുമാറിനെക്കുറിച്ച് നല്ലതുമാത്രമാണ് പറയാനുണ്ടായിരുന്നത്. അദ്ദേഹത്തെക്കുറിച്ചുവന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയുന്നതല്ലെന്ന് അയല്‍വാസികളും പറയുന്നു.