തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്തുതിച്ച സംഭവത്തില്‍ കെപിസിസിയ്ക്ക് ശശി തരൂര്‍ എംപിയുടെ മറുപടി. മോഡിയെ സ്തുതിച്ചിട്ടില്ലെന്നും മോഡിയുടെ സ്തുതി പാഠകനായി ചിത്രീകരിക്കുകയാണെന്നും ശശി തരൂര്‍ മറുപടിയില്‍ വ്യക്തമാക്കി. താന്‍ മോഡിയെ വിമര്‍ശിച്ചതിന്റെ 10 ശതമാനം പോലും കേരളത്തിലെ നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ല. മോഡി ചെയ്ത നല്ലകാര്യങ്ങള്‍ നല്ലതെന്ന് പറയണമെന്ന് തരൂര്‍ ആവര്‍ത്തിച്ചു.
വിശദീകരണം ആവശ്യപ്പെട്ടുള്ള മുല്ലപ്പള്ളിയുടെ നോട്ടീസ് ചോര്‍ന്നതില്‍ തരൂരിന് കടുത്ത അതൃപ്തിയും അറിയിച്ചു. അതേസമയം, തന്റെ മറുപടി ചോര്‍ത്തണമെന്നും ട്വിറ്ററിലൂടെ പരിഹസിച്ചു.
വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തില്‍ കെപിസിസി അധ്യക്ഷനെ കുത്തിയാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കുന്നത്. താന്‍ മോഡിയെ സ്തുതിച്ചിട്ടില്ല, ലോക്സഭയിലെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലൂടെയും മോഡിയെ തന്നെ പോലെ വിമര്‍ശിച്ച ഒരു നേതാവും കേരളത്തിലില്ല. തന്റെ ഏതെങ്കിലും ഒരു പരാമര്‍ശം മോഡി സ്തുതിയെന്ന് കാണിച്ച് തന്നാല്‍ നന്നാകുമെന്നാണ് മുല്ലപ്പള്ളിക്കുള്ള മറുപടി.
മോഡി നല്ലത് ചെയ്യുമ്പോള്‍ നല്ലതെന്ന് പറയണം. എന്നാലേ തെറ്റ് ചെയ്യുമ്പോഴുള്ള വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരൂ. നമ്മള് മോഡി ഒന്നും ചെയ്തില്ലെന്ന് പറയുമ്പോഴും ജനം മോഡിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസ് വോട്ട് ശതമാനം കുറഞ്ഞു. എന്നിട്ട് ജനങ്ങളെ വിഡ്ഢികളെന്ന് വിളിച്ചിട്ട് കാര്യമില്ല. ദേശീയ നേതാക്കളായ ജയറാം രമേശിന്റെയും അഭിഷേക് മനു സിംഗ്വിയുടെയും നിലപാടിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്.
പാര്‍ട്ടി ഫോറങ്ങളില്‍ അംഗമല്ലാത്തത് കൊണ്ടാണ് പരസ്യപ്രതികരണം. ദേശീയ രാഷ്ട്രീയസാഹചര്യങ്ങള്‍ മനസ്സിലാക്കി തന്ത്രം മാറ്റണമെന്നാണ് വിമര്‍ശകര്‍ക്കുള്ള തരൂരിന്റെ ഉപദേശം.