തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ നിയമസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ആരെ മത്സരിക്കണമെന്ന കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇതില്‍ തീരുമാനമെടുക്കാനായി വെള്ളിയാഴ്ച എന്‍ഡിഎ യോഗം ചേരാന്‍ തീരുമാനിച്ചതായും ശ്രീധരന് പിള്ള പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിലൊന്നാണ് പാലായെന്നും, ബിജെപിക്ക് വിജയ സാധ്യതയില്ലെന്ന പിസി ജോര്‍ജിന്റെ പ്രസ്താവനയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
അതെസമയം പാലാ നിയമസഭ സീറ്റിലേക്കുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായി. മാണി സി കാപ്പന് തന്നെയാകും ഇത്തവണയും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. ഇന്നു ചേര്‍ന്ന എന്‍സിപി നേതൃയോഗം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചു. ഇക്കാര്യം ഇടതു മുന്നണിയെ അറിയിക്കും. മുന്നണി യോഗത്തിനു ശേഷമാവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
ഇന്നു വൈകിട്ടാണ് എല്‍ഡിഎഫ് നേതൃയോഗം ചേരുന്നത്. ഈ യോഗത്തില്‍ എന്‍സിപി നിര്‍ദേശം മുന്നോട്ടുവയ്ക്കും. യോഗത്തിന്റെ അംഗീകാരത്തോടെയായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും പാലായില്‍ മാണി സി കാപ്പന് ആയിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ത്ഥി.
പാലാ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ബുധനാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. സെപ്തംബര്‍ നാല് വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
Discussion about this post