കൊച്ചി: സഭാ തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി വിധി അനുസരിക്കില്ലെന്ന് വ്യക്തമാക്കി യാക്കോബായ സഭ. ഏതു കോടതി വിധിയുണ്ടായാലും യാക്കോബായ സഭയുടെ ഒരു പള്ളിയും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. യാക്കോബായ സഭയെ ഇല്ലാതാക്കാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്നും ബാവ കുറ്റപ്പെടുത്തി. മെട്രൊപൊളിറ്റന്‍ ട്രസ്റ്റി തെരഞ്ഞെടുപ്പിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യന്റെ മുതല്‍ അപഹരിക്കാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നത്. അതുകൊണ്ട് ഏതു കോടതി വിധിയുണ്ടായാലും ഒരു പള്ളിയും വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. പള്ളികള്‍ സംരക്ഷിക്കാന്‍ താന്‍ തന്നെ മുന്നില്‍ നില്‍ക്കും. കട്ടച്ചിറ സംഭവിച്ചത് മറ്റെവിടെയെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. പള്ളികള്‍ സംരക്ഷിക്കാന്‍ സഭ ഒന്നിച്ചു നില്‍ക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
കാതോലിക്കാ ബാവയുടെ പ്രസ്താവനയോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനിടെ സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നാളെ ഇരു സഭകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യണ്ടതെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് വിഭാഗം ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.