തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്നാണ് തീരുമാനം. പങ്കെടുക്കേണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോളാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുതെന്ന് യുഡിഎഫ് ആവശ്യപ്പെടും.
നാളെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പന്തളം കൊട്ടാരം പ്രതിനിധിയും തന്ത്രിയുമ പങ്കെടുക്കും. സര്‍വകക്ഷിയോഗത്തിനുശേഷം വൈകിട്ട് മൂന്നരയ്ക്കാണ് ചര്‍ച്ച. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ക്ഷണം ലഭിച്ചതായി കൊട്ടാരം പ്രതിനിധി അറിയിച്ചു. തന്ത്രി കുടുംബത്തിലെ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ശബരിമലയില്‍ ആചാരലംഘനം പാടില്ലെന്ന നിലപാട് സര്‍ക്കാരിനെ അറിയിക്കും.
അതേസമയം, സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ യോഗംചേര്‍ന്ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള പത്തനംതിട്ടയില്‍ പറഞ്ഞു.
ഇതിനിടെ, ശബരിമലവിധി ചര്‍ച്ചചെയ്യാന്‍ നാളെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കാനാണ് ധാരണ. സാമുദായിക സംഘടനകളെയും പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും തീരുമാനമായിട്ടില്ല.
Discussion about this post