തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള.
അതേസമയം, ശബരിമല വിധി ചര്‍ച്ചചെയ്യാന്‍ നാളെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കാനാണു ധാരണ.
സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും തീരുമാനമായിട്ടില്ല. തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സര്‍വകക്ഷിയോഗത്തിനു ശേഷമായിരിക്കും ഇവരുമായിട്ടുള്ള കൂടിക്കാഴ്ച.
പുനഃപരിശോധനാ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദംകേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍വകക്ഷിയോഗം വേണ്ടെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തിയത്.
സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ ശബരിമലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. സമവായത്തിന്റെ അന്തരീക്ഷം തെളിയാനുള്ള സാധ്യതകൂടിയാണു തുറന്നത്.
Discussion about this post