കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഇന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സാധ്യത തെളിയുന്നത് മാണി സി കാപ്പന് ആണ്. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും യോഗം ചേരും.
രാവിലെ 11 മണിക്കാണ് എന്‍സിപി യോഗം. സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുന്ന യോഗം മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് മാണി സി കാപ്പന് അനുകൂല ഘടകമാണ്. സിപിഎമ്മിനും മാണി സി കാപ്പനോട് താത്പര്യമുണ്ട്. വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം.
എന്‍സിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് എല്‍ഡിഎഫ് യോഗം അംഗീകരിക്കും. ഇതിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തീയതിയും പ്രചരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.