നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. 19 ദിവസമായി തുടരുന്ന തിരച്ചിലാണ് ഇന്നത്തോടെ അവസാനിക്കുന്നത്.രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരുമെന്ന് ഇന്നലെ പോത്തുകല്ലില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പോത്തുകല്ല് പഞ്ചായത്ത് ചേര്‍ന്ന യോഗത്തില്‍ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തെരച്ചില്‍ രണ്ട് ദിവസം കൂടെ തുടരാന്‍ തീരുമാനിച്ചത്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലായിരുന്നു തിരച്ചില്‍. ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും വെള്ളമുള്ള പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
കവളപ്പാറ ദുരന്ത ഭൂമിയില്‍ 19 ദിവസമായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 48 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആകെ 59 പേരെയാണ് ഇവിടെ നിന്നും കാണാതായത്. എട്ടു ദിവസമായി ഇവിടെ നിന്ന് ഒറ്റ മൃതദേഹവും കണ്ടെടുത്തിട്ടില്ല. 19ാം തിയതിയാണ് അവസാനമായി മൃതദേഹം ലഭിച്ചത്.