ദുബായ്: യുഎഇയിൽ നാസിൽ അബ്ദുള്ള നൽകിയ തുഷാർ വെള്ളാപ്പള്ളിക്കെതിരായ കേസിൽ ഒത്തുതീർപ്പ് വൈകുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർക്കണമെങ്കിൽ തനിക്ക് ആറ് കോടി രൂപ നൽകണമെന്നാണ് പരാതിക്കാരനായ നാസിൽ അബ്ദുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മൂന്ന് കോടി രൂപ നൽകാമെന്നാണ് ഇന്ന് തുഷാർ അറിയിച്ചത്. ഇതിന് താൽപര്യമില്ലെന്ന് നാസിൽ തിരിച്ചടിക്കുകയായിരുന്നു.
90 ലക്ഷം യുഎഇ ദിർഹം (17 കോടിയിലധികം ഇന്ത്യൻ രൂപ) തുക രേഖപ്പെടുത്തിയ ചെക്കാണ് കേസിനായി നാസിൽ അബ്ദുള്ള കോടതിയിൽ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ ആറ് കോടി രൂപയാണ് നാസിൽ ആവശ്യപ്പെട്ടതെങ്കിലും ഒരു കോടി രൂപ നൽകാമെന്നായിരുന്നു തുഷാറിന്റെ നിലപാട്. ഇത് അംഗീകരിക്കാൻ നാസിൽ തയ്യാറായില്ല. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ മധ്യസ്ഥതയിൽ നടത്തിയ ഒത്തുതീർപ്പ് ശ്രമവും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് മൂന്നുകോടി രൂപ നൽകാമെന്ന് ഇന്ന് തുഷാർ അറിയിച്ചത്. കേസുമായി മുന്നോട്ട് പോയാൽ തനിക്ക് വിജയിക്കാൻ കഴിയുമെന്ന നിയമോപദേശമാണ് നാസിലിന് ലഭിച്ചിരിക്കുന്നത്.
ഒത്തുതീർപ്പിനുള്ള സാധ്യതകൾ മുടങ്ങിയതോടെ തുഷാർ നാട്ടിലേക്ക് മടങ്ങാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ച് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി തുഷാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസിന്റെ തുടർ നടത്തിപ്പുകൾക്ക് സുഹൃത്തായ യുഎഇ പൗരന്റെ പേരിൽ തുഷാർ പവർ ഓഫ് അറ്റോർണി നൽകിക്കഴിഞ്ഞു. ഇതും ഇന്ന് കോടതിയിൽ സമർപ്പിക്കും. സ്വദേശിയുടെ പാസ്‌പോർട്ട് സമർപ്പിച്ചാൽ, ഇപ്പോൾ കോടതി പിടിച്ചുവെച്ചിരിക്കുന്ന തുഷാറിന്റെ പാസ്‌പോർട്ട് കോടതി വിട്ടുകൊടുക്കും.
Discussion about this post