തിരുവനന്തപുരം: ഇനിയും ദുരൂഹതകൾ ബാക്കിയുണ്ടെന്നും കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിന് കാരണമായ വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പിതാവിന്റെ ആവശ്യം. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.
അതേസമയം, അമിത വേഗതയിലോടിച്ച കാർ നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ചുണ്ടായ അപകടം മാത്രമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
എന്നാൽ, കേസിൽ സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയിൽ പോകുന്നതിനെ സംബന്ധിച്ച് ആലോചിക്കുമെന്നാണ് കെസി ഉണ്ണി പറയുന്നത്. ഇതിനിടെ, വാഹനാപകടം നടക്കുമ്പോൾ കാറോടിച്ചിരുന്നത് ഡ്രൈവർ അർജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്‌കർ ആയിരുന്നുവെന്നാണ് ഡ്രൈവർ അർജുൻ മൊഴി നൽകിയിരുന്നത്. ബാലഭാസ്‌ക്കർ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യ ലക്ഷ്മി മൊഴിയിൽ ഉറച്ചുനിന്നതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവിൽ അർജുന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post