കൊച്ചി: മലങ്കര സഭാതര്‍ക്ക വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്സ് സഭ. വിഷയത്തില്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.
സഭാ തര്‍ക്കവിഷയത്തിലുള്ള സമവായചര്‍ച്ചയ്ക്ക് 1934ലെ ഭരണഘടനയുമായി എത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയത്. 1934ലെ ഭരണഘടനയൊക്കെ സുപ്രീംകോടതി നേരത്തെ പരിശോധിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കനുകൂലമായി സുപ്രീംകോടതിയില്‍ നിന്ന് വിധിയുണ്ടായതെന്നും സഭ വ്യക്തമാക്കി.
അതിനാല്‍ വീണ്ടും ഭരണഘടന ഹാജരാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നീതിയുക്തമല്ലെന്നും കത്തില്‍ സഭ പറയുന്നു. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി മുമ്പോട്ടുനീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് വിഷയത്തില്‍ സര്‍ക്കാര്‍ സമവായ ചര്‍ച്ച വിളിച്ചിരിക്കുന്നത്.