തിരുവനന്തപുരം: ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും ബാക്കിയാക്കി ഡിവൈഎസ്പി ബി ഹരികുമാറിന്റെ മരണം. വാര്‍ത്തയറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ പിടിതരാത്ത ചോദ്യമായി അവശേഷിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ്.
ജീവനൊടുക്കുന്നതിനു മുന്‍പ് ഹരികുമാര്‍ സ്വന്തം മകനു സമര്‍പ്പിച്ച അവസാന പുഷ്പമായിരുന്നോ അതെന്നു ബന്ധുക്കള്‍ സംശയവും പ്രകടിപ്പിച്ചു. കഴിഞ്ഞ ഒന്‍പത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തില്‍ വാടാത്ത പൂവ് ആരെങ്കിലും സമര്‍പ്പിച്ചതാണോ അതോ സമീപത്തെ ചെടിയില്‍ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകന്‍ അഖില്‍ ഹരി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാര്‍ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാര്‍ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പില്‍ ഹരികുമാര്‍ എഴുതിയിരുന്നത്. ഹരികുമാറിനെ ഇന്നലെ സംസ്‌കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.
ഹരികുമാറിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ‘…സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം..’ എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്. നീല ടീ ഷര്‍ട്ടിനൊപ്പം ധരിച്ച കറുത്ത പാന്റ്‌സിന്റെ പോക്കറ്റിലായിരുന്നു കുറിപ്പ്. ആത്മഹത്യക്ക് മുമ്പ് പ്രതി വീട്ടില്‍ കയറിയിട്ടില്ല എന്നാണ് പോലീസ് മനസ്സിലാക്കുന്നത്. തേങ്ങ കൂട്ടിയിടുന്ന മുറിയിലായിരുന്നു ആത്മഹത്യ. കൊലക്കുറ്റം ഉറപ്പിച്ചതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന മനോവിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍.