കണ്ണൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട് സന്ദര്‍ശിക്കും. വയനാട്ടിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് സ്ഥലം എംപികൂടിയായ അദ്ദേഹം കേരളത്തില്‍ എത്തുന്നത്. മൂന്ന് ദിവസം വയനാട്ടില്‍ ചെലവഴിക്കുന്ന രാഹുല്‍ കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്ന ഗ്രാമങ്ങളില്‍ എത്തും.
വയനാട്ടിലേക്കുപോകാനെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കെസുധാകരന് എംപി, ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
തുടര്‍ന്ന് റോഡ് മാര്‍ഗം മാനന്തവാടിയിലേക്കുപോകുന്ന രാഹുല്‍ മൂന്ന് മണിയോടെ തലപ്പുഴയില്‍ എത്തും.
തലപ്പുഴയിലെ ചുങ്കം സെന്റ് തോമസ് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ദിവസം നിര്യാതനായ ഐഎന്‍ടിയുസി നേതാവ് യേശുദാസിന്റെ വീടും സന്ദര്‍ശിക്കും. അടുത്ത ദിവസങ്ങളിലായി കല്‍പ്പറ്റ,ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
മാനന്തവാടി ഗസ്റ്റ് ഹൗസിലാണ് രാഹുലിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9.30 ന് ബാവലിയും ചാലി ഗദ്ദയും സന്ദര്‍ശിക്കുന്ന രാഹുല്‍ വൈകീട്ട് നാലിന് വാളാട്, തുടര്‍ന്ന് മക്കിയാട്, പാണ്ടിക്കടവ് ചാമപ്പാടി ചെറുപുഴ എന്നിവിടങ്ങളും എത്തും. 29ന് കല്‍പ്പറ്റ ബത്തേരി മണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. ശേഷം 30-ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും.
Discussion about this post