വെള്ളറട: ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണക്കേസ് തെളിയിക്കാൻ സുപ്രധാന പങ്ക് വഹിച്ച പ്രദേശവാസിയായ രമണിക്ക് പുത്തൻവീട് ഉയരുന്നു. ഒന്നാം ഓണത്തിന് രമണിക്കു പുതിയ വീട് കൈമാറും. ദേവസ്വം ബോർഡിന്റെ ശരണാശ്രയം പദ്ധതിയുമായി സഹകരിച്ചാണ് വീട് ഉയരുന്നത്. അയ്യപ്പ ഭക്തരായ ഉണ്ണികൃഷ്ണൻ പോറ്റി, അനിൽ, രമേശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണു നിർമ്മാണച്ചെലവ് വഹിച്ചത്. ഫെബ്രുവരി 21ന് തുടക്കമിട്ട നിർമ്മാണം ആഴ്ചകൾക്കു മുമ്പാണ് പൂർത്തിയായത്.
അന്ന് 1981 മെയ് 23ന് നടന്ന ഏറ്റുമാനൂർ അമ്പലത്തിലെ വിഗ്രഹകവർച്ച തെളിയാൻ കാരണമായത് രമണി എഴുതിയ പരീക്ഷപേപ്പറായിരുന്നു. രമണി പാറശാലയിലെ സ്കൂളിൽ 8-ാം ക്ലാസിൽ പഠിച്ചിരുന്നപ്പോൾ പരീക്ഷ എഴുതാനുപയോഗിച്ച ആ പേപ്പർ തൂക്കി വിറ്റിരുന്നു. അതിൽ പൊതിഞ്ഞാണ് പിന്നീട് മോഷ്ടാവ് ക്ഷേത്രം കുത്തിത്തുറക്കാൻ ഉപയോഗിച്ച പാര പൊതിഞ്ഞുകൊണ്ടുവന്നത്. പേപ്പർ കണ്ടെത്തിയതോടെ കമ്പിപാര വാങ്ങിയ കട കണ്ടെത്താനായി. തുടർന്നു മോഷ്ടാവായ ധനുവച്ചപുരം സ്വദേശി സ്റ്റീഫനെ തിരിച്ചറിഞ്ഞു. ഇയാൾ വീടിനുസമീപത്തെ വെറ്റിലക്കൊടിയിൽ കുഴിച്ചിട്ടിരുന്ന വിഗ്രഹവും പോലീസ് കണ്ടെത്തി.
ഒട്ടേറെ പ്രശംസകൾ അക്കാലത്തു ലഭിച്ച രമണി പിന്നീട് കാലക്രമത്തിൽ വെള്ളറട കിളിയൂർ സ്വദേശി ശശി വിവാഹംചെയ്തു. സ്വന്തമായുണ്ടായിരുന്ന എണ്ണയാട്ടു മിൽ പ്രവർത്തിപ്പിച്ചാണു കുടുംബം കഴിഞ്ഞിരുന്നത്. കുറച്ചുകാലം മുമ്പ് ശശി മരിച്ചതോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. രമണിയുടെ ദുരിത ജീവിതമറിഞ്ഞ ജനപ്രതിനിധികൾ ഇടപെട്ടാണ് ഇപ്പോൾ ഏറ്റുമാനൂർ ക്ഷേത്രകമ്മിറ്റിയുടെയും ദേവസ്വം ബോർഡിന്റെയും സഹായത്തോടെ രമണിക്ക് വീട് നിർമ്മാണം ആരംഭിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും അംഗം കെപി ശങ്കരദാസും രമണിയുടെ വീട്ടിലെത്തി സഹായം ഉറപ്പ് നൽകിയിരുന്നു. വീടും ജോലിയുമായിരുന്നു വാഗ്ദാനം. പണം മുടക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയും സുഹൃത്തുക്കളും തയ്യാറായതോടെ വീടു നിർമ്മാണവും തുടങ്ങി. 680 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് നിർമിച്ചത്.
Discussion about this post