തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. വെള്ളിയാഴ്ചവരെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഒഡിഷയില്‍ കരയില്‍ ഇപ്പോള്‍ അന്തരീക്ഷച്ചുഴിയുണ്ട്. 28-ന് ബംഗാള്‍ ഉള്‍ക്കടലിലും അന്തരീക്ഷച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറന്‍ കാറ്റിനെ ശക്തിപ്പെടുത്തുന്നതിനാല്‍ കേരളത്തില്‍ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.