പാലക്കാട്: ഷൊർണൂർ എംഎൽഎ പികെ ശശിയെ തിരിച്ചെടുത്തേക്കും. ഇതിനുള്ള ശുപാർശ ജില്ലാ കമ്മിറ്റി ചർച്ച ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് പികെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വിഷയത്തിൽ ചർച്ച നടന്നത്.
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റ ലൈംഗിക പീഡന പരാതിയെ തുടർന്നാണ് പികെ ശശിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സസ്‌പെൻഷൻ കാലയളവിൽ ശശി നല്ല പാർട്ടി പ്രവർത്തനം കാഴ്ചവച്ചെന്ന് ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും അഭിപ്രായപ്പെടുകയായിരുന്നു.
ശശിയുടെ തിരിച്ചുവരവ് അടുത്ത സംസ്ഥാന കമ്മിറ്റിയിലും ചർച്ചയാകും. ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്.