തിരുവനന്തപുരം: ട്രാഫിക് ബോധവത്കരണത്തിനിടയിൽ ഡിജിപിക്ക് മുന്നിൽ ലൈസൻസില്ലാതെ അകപ്പെട്ട പത്താംക്ലാസുകാരനും സുഹൃത്തുക്കളും കരഞ്ഞ് കാലുപിടിച്ച് ഒടുവിൽ രക്ഷപ്പെട്ടു. ലൈസൻസില്ലാതെയാണ് വാഹനം ഓടിച്ചതെന്ന് പോലീസിന് മനസിലായതോടെ പിടിവീഴുമെന്ന് ഭയന്ന് ഡിജിപി ആർ ശ്രീലേഖയ്ക്കു മുന്നിൽ കരഞ്ഞ് പത്താം ക്ലാസുകാരൻ ഏവരേയും അമ്പരപ്പിക്കുകയും ചെയ്തു. പതിനഞ്ചു വയസ്സുള്ള മൂന്നുപേരാണ് ഒരു ബൈക്കിൽ യാത്ര ചെയ്തത്. ഇത് ബോധവത്കരണത്തിനിടെ പോലീസിന്റെ മുന്നിൽ അകപ്പെടുകയും ചെയ്തു.
രക്ഷിതാക്കൾ എത്തിയ ശേഷം വാഹനം വിട്ടു തരാം എന്നു പറഞ്ഞു ഡിജിപി ഒടുവിൽ കുട്ടികളെ വിട്ടയച്ചു. ഗതാഗത സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായായിരുന്നു പരിശോധന. വീട്ടുകാരറിയാതെ ബൈക്ക് എടുത്തു റോഡിലിറങ്ങിയ വിദ്യാർത്ഥികളാണ് കവടിയാറിൽ വെച്ച് ഡിജിപിക്കു മുന്നിൽ പെട്ടുപോയത്. കാര്യങ്ങൾ ചോദിക്കാൻ ആരംഭിച്ചതും കൂട്ടത്തിലെ ധൈര്യശാലി കരച്ചിലിലുമായി. നടപടി എടുക്കില്ലെന്നു ശ്രീലേഖ സമാധാനിപ്പിച്ചാണ് പിന്നീട് ഇവരെ തിരിച്ചയച്ചത്. രക്ഷിതാക്കൾ എത്തിയ ശേഷം വാഹനം വിട്ടു തരാം എന്നും കുട്ടികളെ അറിയിച്ചു.
ബോധവത്കരണത്തിനായി കൈ കാണിച്ചിട്ട് നിർത്താതെപോയ വാഹനങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. ബോധവത്രണം ആയതിനാൽ ആർക്കെതിരെയും നടപടിയെടുത്തില്ല.
Discussion about this post