പാലായിൽ പൊതു സ്വതന്ത്രനായ ക്രിസ്ത്യൻ സ്ഥാനാർത്ഥിക്കാണ് സാധ്യത; പിസി തോമസിന് പിസി ജോർജിന്റെ പിന്തുണ

പാലാ ഉപതെരഞ്ഞെടുപ്പിൽ മനസ് തുറന്ന് പിസി ജോർജ് രംഗത്തെത്തിയിരിക്കുന്നത്.

കോട്ടയം: എൻഡിഎയ്ക്ക് പാലായിൽ വിജയിക്കണമെങ്കിൽ പൊതുസ്വതന്ത്രനായ ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ തന്നെ പരീക്ഷിക്കേണ്ടി വരുമെന്ന് പിസി ജോർജ്. ജനപക്ഷം എൻഡിഎ സീറ്റ് ആവശ്യപ്പെടുമെന്ന അഭ്യൂഹത്തിനിടെയാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ മനസ് തുറന്ന് പിസി ജോർജ് രംഗത്തെത്തിയിരിക്കുന്നത്.

പാലായിൽ എൻഡിഎ മത്സരിപ്പിക്കേണ്ടത് പൊതു സ്വതന്ത്രനെ ആണ്. പൊതു സ്വതന്ത്രനായ ക്രിസ്ത്യൻ സ്ഥാനാർത്ഥിക്കാണ് എൻഡിഎയിൽ സാധ്യത കൂടുതൽ. നിലവിൽ കാര്യങ്ങൾ പിസി തോമസിന് അനുകൂലമാണെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.

പാലായിൽ മത്സരിക്കാൻ സന്നദ്ധനാണെന്നും ഇക്കാര്യം എൻഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പിസി തോമസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ ജനപക്ഷം എൻഡിഎയോട് സീറ്റ് ആവശ്യപ്പെടില്ലെന്നു വ്യക്തമാക്കി പിസി ജോർജ് രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ, ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

Exit mobile version