ഇടുക്കിയില്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു

ഇടുക്കി: ഇടുക്കിയില്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. പ്ലസ് വണിലെ ഇക്കണോമിക്‌സ് പേപ്പറാണ് ചോര്‍ന്നത്. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ നടത്തി.

ഇടുക്കിയിലെ എട്ട് സ്‌കൂളുകളിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നത്. അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടപ്പോള്‍ ഹിസ്റ്ററി ചോദ്യപ്പേപ്പര്‍ സ്‌കൂളിലേക്ക് ഇമെയില്‍ ചെയ്തു. ഇത് സ്‌കൂളില്‍ വെച്ച് തന്നെ പ്രിന്റെടുത്ത് കുട്ടികള്‍ക്ക് നല്‍കി 11 മണിക്ക് പരീക്ഷ ആരംഭിച്ചു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ നടത്തിയത്.

എന്നാല്‍ വൈദ്യുതിയില്ലാതിരുന്നതിനാല്‍ മലയോര മേഖലകളിലെ സ്‌കൂളുകളില്‍ ചോദ്യങ്ങള്‍ ബോര്‍ഡില്‍ എഴുതി നല്‍കിയാണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.

Exit mobile version