ജയിലില്‍ പോയാല്‍ പല കേസുകളിലായ് താന്‍ പിടിച്ച പ്രതികള്‍ ശാരീരികമായും മാനസികമാസും ഉപദ്രവിക്കുമെന്ന് ഹരികുമാര്‍ ഭയപ്പെട്ടിരുന്നു…! ഏഴ് ദിവസവും ഒളിവില്‍ കഴിഞ്ഞത് കാറിനുള്ളില്‍ ;സുഹൃത്തിന്റെ മൊഴി

സനല്‍കുമാറിന്റെ മരണ ശേഷം ഒളിവില്‍ പോയ ഒന്‍പത് ദിവസങ്ങളില്‍ ഏഴ് ദിവസവും കാറിനുള്ളിലാണ് കഴിച്ചു കൂട്ടിയതെന്നാണ് സുഹൃത്ത് ബിനു പറയുന്നത്.

തിരുവനന്തപുരം: സനല്‍കുമാര്‍ കൊലക്കേസില്‍ പോലീസ് തേടിക്കൊണ്ടിരുന്ന ഡിവൈഎസ്പി പിബി ഹരികുമാര്‍ ആത്മഹത്യ ചെയ്യുന്നത് ദുരൂഹതകള്‍ ബാക്കിയാക്കിക്കൊണ്ടാണ്. സനല്‍കുമാറിന്റെ മരണ ശേഷം ഒഴിവില്‍ പോയ ഒന്‍പതാം ദിവസം ഹരികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായതിന് ശേഷമാണ് ഹരികുമാര്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയത്.

അതെസമയം സനല്‍കുമാറിന്റെ മരണ ശേഷം ഒളിവില്‍ പോയ ഒന്‍പത് ദിവസങ്ങളില്‍ ഏഴ് ദിവസവും കാറിനുള്ളിലാണ് കഴിച്ചു കൂട്ടിയതെന്നാണ് സുഹൃത്ത് ബിനു പറയുന്നത്. ബിനുവിനൊപ്പമാണ് ഹരികുമാര്‍ ഒളിവില്‍ പോയത്. ക്രൈംബ്രാഞ്ചിനാണ് ബിനു മൊഴി നല്‍കിയത്.

മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കാമെന്ന ഉറപ്പിലായിരുന്നു ഹരികുമാര്‍ ഒളിവില്‍ പോയത്. സംഭവ ശേഷം ഒരാഴ്ച കാറിനുള്ളില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. 20 ദിവസം ഒളിവില്‍ കഴിയാനുള്ള തയാറെടുപ്പിലാണ് പുറപ്പെട്ടത്. ആവശ്യത്തിന് സാധനങ്ങളും പണവും കൈയില്‍ കരുതി. ഒരിക്കല്‍ പോലും ഹോട്ടലുകളില്‍ മുറിയെടുക്കാനോ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനോ ശ്രമിച്ചില്ലെന്ന് ബിനു പറഞ്ഞു.

ഒളിവില്‍ ആയിരുന്ന സമയങ്ങളില്‍ സിസിടിവിയുള്ള ചെക്‌പോസ്റ്റുകളിലും മറ്റും മുഖം മറച്ച് ക്യാമറകളില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും ഹൈക്കോടതിയിലെ അഭിഭാഷകനും അഭിപ്രായപ്പെട്ടു.

എന്നാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ കീഴടങ്ങാന്‍ ഹരികുമാറിന് ഭയമായിരുന്നു എന്നാണ് ബിനു പറയുന്നത്. പല കേസുകളില്‍ താന്‍ പിടികൂടിയ പ്രതികള്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്ന് അദ്ദേഹം ഭയന്നിരുന്നു. അതിലും നല്ലത് സുകുമാരക്കുറിപ്പിനെ പോലെ ഒളിവില്‍ കഴിയുന്നതാണെന്നും ഹരികുമാര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അവസാനം കീഴടങ്ങാന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. കല്ലമ്പലത്തെ വീടിന് സമീപമുള്ള ഇടവഴിയില്‍ രാത്രിയാണ് ഡിവൈഎസ്പിയെ ഇറക്കിവിടുന്നത്. പിറ്റേദിവസം രാവിലെ കീഴടങ്ങാം എന്നായിരുന്നു ഹരികുറിന്റെ തീരുമാനം എന്നും ബിനു മൊഴി നല്‍കി. പിറ്റേ ദിവസം മാധ്യമങ്ങളിലൂടെയാണ് മരണ വാര്‍ത്ത അറിഞ്ഞതെന്നും ബിനു പറഞ്ഞു.

Exit mobile version