തിരുവനന്തപുരം: വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന നവോത്ഥാന സമിതി കൺവീനർ പുന്നല ശ്രീകുമാറിന്റെ വിമർശനത്തോട് പ്രതികരിച്ച് മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ. നിരീശ്വരവാദമോ ഈശ്വരനെ നിരാകരിക്കലോ അല്ല കമ്മ്യൂണിസമെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വിശ്വാസികൾക്കു സംരക്ഷണം കൊടുക്കുകയാണ് സർക്കാരിന്റെ കടമ. അതിനുള്ളതാണ് നവോത്ഥാന സമിതി. അല്ലാതെ, നിരീശ്വരവാദികളെയോ അവിശ്വാസികളെയോ സംരക്ഷിക്കാനുള്ളതല്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും വിശ്വാസികൾക്കോ വിശ്വാസങ്ങൾക്കോ എതിരല്ല. ആദ്യ കാലത്തെടുത്ത നിലപാടുകളിൽ നിന്ന് അണുവിട വ്യതിയാനം പാർട്ടി വരുത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷവും മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളിൽ 95 ശതമാനവും വിവിധ ജാതി മത വിഭാഗങ്ങളിൽ പെടുന്ന വിശ്വാസികളാണ്. ഏതു രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുന്നവരായാലും അവരെല്ലാം വിശ്വാസികളാണ്. ആ വിശ്വാസികൾക്ക് എതിരാണ് സർക്കാരും ഇടതുപക്ഷ പാർട്ടികളുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
ശബരിമല വിഷയത്തിലെടുത്ത നിലപാടാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് ഇടതുപക്ഷം വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.