കൊല്ലം: മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ക്രൈസ്തവ ഓര്‍ത്തഡോക്‌സ് തുമ്പമണ്‍ ഭദ്രാസന വാര്‍ഷിക സമ്മേളനത്തിലാണ് വീണാ ജോര്‍ജ് എംഎല്‍എ സഭാതര്‍ക്കം സംബന്ധിച്ച സ്വന്തം നിലപാട് ആദ്യമായി വെളിപ്പെടുത്തിയത്.
സഭാ വിഷയത്തില്‍ ശാശ്വത സമാധാനം ഉണ്ടാകണം. അതിന് സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നാണ് എംഎല്‍എയും ഓര്‍ത്തഡോക്‌സ് സഭാ അംഗവുമായ വീണാ ജോര്‍ജ് പറഞ്ഞത്.
2017 ജൂലൈയിലാണ് സഭാതര്‍ക്ക വിഷയത്തില്‍ പള്ളികളുടെ അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നത്. എന്നാല്‍ വിഷയം സമവായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
പലവട്ടം സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. വിധി ഇത്രയും നാളുകളായി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതടക്കമുള്ള നടപടികളുമായി ഓര്‍ത്തഡോക്‌സ് സഭ മുമ്പോട്ടു പോകുകയാണെന്നാണ് വിവരം