തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം കടുക്കുന്നു. മോഡി സ്തുതിയുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വരുന്നത്. ഇപ്പോള്‍ തരൂരിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത് വന്നിരിക്കുകയാണ്. മോഡിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാമെന്നാണ് മുരളീധരന്റെ വിമര്‍ശനം.
ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമര്‍ശം ശരിവച്ച് എംപിമാരായ ശശി തരൂരും അഭിഷേക് സിങ്‌വിയും രംഗത്തെത്തിയതാണ് വാക്‌പോരിനു തുടക്കമിട്ടത്.
മോഡിയെ ദുഷ്ടനായി എപ്പോഴും ചിത്രീകരിക്കുന്നതു തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വ്യക്തിയെ നോക്കിയല്ല, വിഷയത്തിന്റെ അടിസ്ഥാനത്തിലാവണം അവയെ വിലയിരുത്തേണ്ടതെന്നായിരുന്നു തരൂരിന്റെ പരമാര്‍ശം.