തിരുവനന്തപുരം: മോഡി പ്രശംസയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്ക്പോര് മുറുകുന്നു. നരേന്ദ്രമോഡിയെ മഹത്വവത്കരിക്കലല്ല കോണ്‍ഗ്രസ് നേതാക്കളുടെ ജോലിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എംപി. ശശി തരൂരിന്റെ മോഡി അനുകൂല പ്രസ്താവനയെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോഡിയെ മഹത്വവത്കരിക്കലല്ല കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്വം. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായി മോഡി നടപ്പാക്കുന്ന നയങ്ങളോട് കോണ്‍ഗ്രസിന് ഒരിക്കലും യോജിക്കാനാകില്ല. അതുകൊണ്ടാണ് പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് മോഡിയെ ശക്തമായി എതിര്‍ക്കുന്നത്. മോഡിയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഡിയെ എതിര്‍ക്കുന്നത് ഒരു പുതിയ കാര്യമല്ലെന്നും മോഡിയെ മഹത്വവത്കരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണെന്നും ബെന്നി ബെഹനാന് കൂട്ടിച്ചേര്‍ത്തു.
മോഡിയെ പ്രശംസിച്ച ശശി തരൂരിനെതിരെ നേരത്തെ രമേശ് ചെന്നിത്തലയും, കെ മുരളീധരന് എംപിയും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ശശി തരൂരിനെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും മോഡിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാമെന്നുമായിരുന്നു കെ മുരളീധരന് പറഞ്ഞത്.
മോഡി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ല. നല്ലത് ചെയ്താല്‍ നല്ലത് പറയും. തന്നെ ആരും പഠിപ്പിക്കേണ്ടെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശശി തരൂര്‍ പറഞ്ഞത്.
താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല. തന്നെപ്പോലെ മോഡിയെയും ബിജെപിയെയും എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മോഡി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോള്‍ മോഡിയെ കഠിനമായി വിമര്‍ശിക്കണം. മോഡിയെ ശക്തമായി വിമര്‍ശിച്ച് പുസ്തകം എഴുതിയ ആളാണ് താനെന്നും ശശി തരൂര്‍ വ്യക്തമാക്കി.
Discussion about this post