കൊച്ചി: പ്രളയം തകര്‍ത്ത കേരളത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് മലയാള സമൂഹം. കേരളത്തിന് അകത്തും പുറത്തു നിന്നുമായി നിരവധി സംഭാവനകളാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്നത്. കൊച്ചു കുട്ടികളുടെ സമ്പാദ്യം മുതല്‍ പ്രമുഖ വ്യവസായികളുടെ വലിയ സമ്പാദ്യം വരെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്നുണ്ട്.
പണത്തിനു പുറമെ സ്വര്‍ണ്ണവും മറ്റുമായി സംഭവാന ചെയ്യുന്നവരും നമുക്ക് ഇടയില്‍ ഉണ്ട്. ഇപ്പോള്‍ അതുപോലെ തന്റെ കാതിലെ പൊന്നും ഊരി കൊടുത്തിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലിയാന. ആദ്യം ലിയാന നല്‍കിയത് കുടുക്കയിലെ കൊച്ചു സമ്പാദ്യം ആയിരുന്നു. എറണാകുളം ടൗണ്‍ ഹാളില്‍ എംഎം ലോറന്‍സ് നവതി ആദരം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്ന വിവരമറിഞ്ഞാണ് ലിയാന തേജസ് എത്തിയത്.
ഉദ്ഘാടനം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി കാറില്‍ കയറവേ ലിയാന ഓടിയെത്തുകയായിരുന്നു. കുടുക്ക പൊട്ടിച്ച പണം മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം ‘അങ്കിളേ ഇതുംകൂടി’ എന്നു പറഞ്ഞാണ് കാതിലെ കമ്മലുകളും ഊരി നല്‍കിയത്. അമ്മയുടെ വീട്ടുകാര്‍ ലിയാനയ്ക്ക് സമ്മാനമായി നല്‍കിയതാണ് കമ്മല്‍.
കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ നിധിയിലേക്ക് ലിയാന തന്റെ കൊച്ചു സമ്പാദ്യം നല്‍കിയിരുന്നു. അന്ന് നേരിട്ട് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കണമെന്ന ആഗ്രഹം നടക്കാതെ പോയി. എന്നാല്‍ ഇന്ന് തന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ലിയാന. ആലുവ സെയ്ന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ലിയാന. സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തങ്കച്ചന്റെയും നഴ്സ് സിനിമോളുടെയും മകളാണ്.