ആലുവ: പ്രളയ കാലത്ത് ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള വിനീതിന്റെ സൗഹൃദം ഒടുവില്‍ കലാശിച്ചത് വിവാഹത്തില്‍. പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യയ്ക്കാണ് ആലുവ സ്വദേശിയായ വിനീത് മിന്നു ചാര്‍ത്തിയത്. 2018 പ്രളയകാലത്താണ് ആലുവയിലെ ദുരിതാശ്വാസ ക്യാംപില്‍ സൂര്യ ഡ്യൂട്ടിക്കെത്തിയത്.
അവിടെ വെച്ചാണ് സൂര്യ വിനീതിനെ പരിചയപ്പെടുന്നത്. ദുരിതാശ്വാസ ക്യാംപിലെ സേവന പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പങ്കാളികളായി. ഇതോടെ ഇരുവര്‍ക്കുമിടയില്‍ സൗഹൃദം വളര്‍ന്നു. ഒടുവില്‍ ആ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. 2019-ലെ വെള്ളപ്പൊക്കത്തിനു ശേഷം ആലുവ അശോകപുരം പെരിങ്ങഴ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ച ഇരുവരും വിവാഹിതരായി.
തൃശ്ശൂര്‍ ക്യാംപില്‍ നിന്നാണ് സൂര്യ കഴിഞ്ഞ വര്‍ഷം ആലുവയില്‍ ഡ്യൂട്ടിക്കായി എത്തിയത്. അശോകപുരം കാര്‍മല്‍ സെയ്ന്റ് ഫ്രാന്‍സിസ് ഡി അസീസി സെക്കന്‍ഡറി സ്കൂളിലെ ക്യാംപിലായിരുന്നു ഡ്യൂട്ടി. അശോകപുരം സ്വദേശിയായ വിനീതിന്റെ വീടും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്നാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിനീത് ക്യാംപില്‍ എത്തിയത്.
ക്യാംപിലെത്തുന്നവരെ സഹായിക്കാനും വിനീത് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ അധ്യാപകനാണ് വിനീത്. അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ് സോഷ്യല്‍മീഡിയ. പ്രളയ കാലത്തെ ദുരിതത്തിനിടയില്‍ ഇത്തരം സന്തോഷങ്ങള്‍ ജീവിക്കാനുള്ള വാശി ഉയര്‍ത്തുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Discussion about this post