കോഴിക്കോട്: പാലാ നിയോജക മണ്ഡലത്തിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനത്തോട് പ്രതികരിച്ച് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള. ഉപതിരഞ്ഞെടുപ്പ് പാലായിൽ മാത്രമായി നടത്തുന്നതിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സിപിഎമ്മിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ മൽസരിപ്പിക്കണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയത്തിനായി 2 ദിവസത്തിനകം എൻഡിഎ യോഗം ചേരും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശ്രീധരൻപിള്ള.
നേരത്തെ, പാലായിൽ മാത്രമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കു പിന്നിൽ ദുഷ്ടലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് നിയമസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പാലായ്ക്കു മുൻപ് ഒഴിവുവന്നതാണ് മഞ്ചേശ്വരം സീറ്റ്. സാധാരണരീതിയിൽ ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതാണ് പതിവ്. രാഷ്ട്രീയ കുതന്ത്രങ്ങൾ തുടർച്ചയായി തെരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്നു വരുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം സജ്ജമാണ്. എൻസിപി മത്സരിച്ചിരുന്ന സീറ്റാണ്. ആരു മത്സരിക്കണമെന്ന് 28ന് എൽഡിഎഫ് യോഗം ചേർന്നു തീരുമാനിക്കും. കെഎം മാണി ആയിട്ടും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത്. ഇത്തവണ സാഹചര്യം മാറിയെന്നും കോടിയേരി പറഞ്ഞിരുന്നു.
Discussion about this post