കൊച്ചി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുന്നതിനിടെ ലഷ്കർ ബന്ധം സംശയിച്ചു പോലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ മതിലകം സ്വദേശി അബ്ദുൽ ഖാദർ റഹീമിനെ(39) വിട്ടയച്ചു. ബഹ്റൈനിൽ നിന്നും നാട്ടിലെത്തിയ റഹീമിനേയും മുമ്പ് പിടികൂടിയ വയനാട് ബത്തേരി സ്വദേശിയായ യുവതിയേയുമാണ് വിട്ടയച്ചത്. പോലീസും കേന്ദ്ര ഏജൻസികളും 24 മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നു കൊച്ചി പോലീസ് അറിയിച്ചു.
ഏറെ നീണ്ട തെരച്ചിലിനൊടുവിൽ കൊടുങ്ങല്ലൂർ സ്വദേശിയായ റഹീമിനെ എറണാകുളം ജില്ലാ കോടതിയിൽ നിന്നും ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. റഹീം കോടതി മുഖാന്തിരം കീഴടങ്ങാൻ അനുവദിക്കണമെന്ന ഹർജി നൽകാൻ എത്തിയപ്പോഴാണ് പിടിയിലായത്.
നേരത്തെ ശ്രീലങ്ക വഴി ലഷ്കറെ ത്വയിബ ഭീകരർ തമിഴ്നാട്ടിലേക്ക് നുഴഞ്ഞു കയറിയെന്ന ഭീതിയെ തുടർന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത കർശനമാക്കിയിരുന്നു. കോയമ്പത്തൂരിൽ എത്തിയതിനു ശേഷം കാണാതായ അഞ്ജാത സംഘത്തിനായി തെരച്ചിൽ ശക്തമാണ്. ഇതിനിടെയാണ് ഇവരുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റഹീമിനായി പോലീസ് വലവിരിച്ചത്. റഹീമിനെ കുറിച്ചു പോലീസിനു ലഭിച്ച രഹസ്യവിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പരിശോധിച്ചു. വിദേശത്തു പെൺവാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീർക്കാൻ പെൺവാണിഭ മാഫിയ തന്നെ ഭീകരനായി ചിത്രീകരിച്ചു പോലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണു റഹീം പറയുന്നത്.
ദീർഘകാലം വിദേശത്തായിരുന്ന റഹീം മടങ്ങിയെത്തി ആലുവയിൽ ഓട്ടോമൊബൈൽ വർക്ഷോപ്പ് നടത്തുകയാണ് ഇതിനിടെ ഒരു മാസം മുമ്പാണു ബഹ്റൈനിലേക്കു പോയത്.
Discussion about this post