പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥി തന്നെയാകും യുഡിഎഫിന്റെതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കെഎം മാണിയുടെ മരണത്തിന് ശേഷം അവിടെ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട്. യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
ഈ തെരഞ്ഞെടുപ്പ് ഏത് നിമിഷവും വരുമെന്ന് തങ്ങള്‍ കരുതിയിരുന്നു. അതിനാല്‍ ഒരു മുന്നണി എന്ന രീതിയില്‍ എല്ലാം ചിട്ടയായി മുന്നോട്ട് കൊണ്ട് പോകുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സാധാരണ രീതിയില്‍ കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പും ലളിതമല്ല. എന്നാല്‍ പാലായിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്ലാം അനുകൂലമാകും. പാലായിലേതിനേക്കാള്‍ തര്‍ക്കമുള്ള സീറ്റുകളില്‍ പോലും, എല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. സംസാരിക്കേണ്ട വിഷയങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത ശേഷം ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തങ്ങളെ എതിര്‍ക്കേണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ വീട് വീടാന്തരം ക്ഷമാപണം പറഞ്ഞ് നടക്കുകയാണെന്നും, മര്യാദയ്ക്ക് പെരുമാറണമെന്ന് പാര്‍ട്ടിക്കാരെ പറഞ്ഞ് മനസിലാക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അപ്പോള്‍ ആരുടെ ഒപ്പം നില്‍ക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ സീറ്റിലേക്ക് സെപ്റ്റംബര്‍ 23ന് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 28 മുതല്‍ അടുത്തമാസം നാലാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന അഞ്ചാം തീയതിയും, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏഴിനുമായിരിക്കുമെന്ന് കമ്മീഷന് അറിയിച്ചു.സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
Discussion about this post