തിരുവനന്തപുരം: പ്രളയത്തിലെ മലവെള്ളപാച്ചിലില്‍ ഒഴുകി വന്ന കുട്ടിയാന ഇനി തിരുവനന്തപുരത്തുകാരുടെ ഓമന. കുട്ടിയാനയെ കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് നിലമ്പൂര്‍ കരുളായി റെയിഞ്ച് പരിധിയില്‍ നിന്ന് ലഭിച്ച 3 മാസം പ്രായമുള്ള പിടിയാനയെ കോട്ടൂരിലെത്തിച്ചത്.
കുട്ടിയാനയെ പ്രത്യേക കൂട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഈ കുട്ടിയാനയ്ക്ക് ഇല്ല. 15 ന് ആണ് ആനക്കുട്ടിയെ കരുളായി റെയിഞ്ച് അധികൃതര്‍ക്ക് ലഭിച്ചത്. കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമങ്ങള്‍ നടക്കാതായതോടെയാണ് റെയിഞ്ചിയില് എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ കോട്ടൂര്‍ കാപ്പുകാടെത്തിച്ചു. ഇതോടെ കേന്ദ്രത്തിലെ കുട്ടിയാനകളുടെ എണ്ണം 5 ആയി. ചെറുതും വലുതുമായി കേന്ദ്രത്തില്‍ 17 ആനകളാണ് ഉള്ളത്.
കോട്ടൂര്‍ ആനപരിശീലന കേന്ദ്രത്തിലെ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ അതിഥി. വളരെ പെട്ടെന്ന് തന്നെ രവീന്ദ്രനുമായി അവള് ഇണങ്ങി. നിലത്തും, ജനലിലും, വാതിലും അവള് പരതി നോക്കി. അത്ര പരിചയമില്ലാത്ത സ്ഥലം. ഓടിവന്ന് രവീന്ദ്രന്റെ കൈ ചുറ്റിപ്പിടിച്ചു. തിന്നാല്‍ വല്ലതും കിട്ടുമോയെന്ന അന്വേഷണമാണ്. കുസൃതി തരങ്ങളും കൈയ്യിലുണ്ട് ഈ കുട്ടിയാനയ്ക്ക്.