തൃശ്ശൂർ: മഴക്കെടുതികളിൽ നിന്നും രക്ഷതേടി ദുരിതാശ്വാസ ക്യാംപിലെത്തിയവരെല്ലാം മഴ തോർന്ന് വെള്ളം ഇറങ്ങിയതോടെ ക്യാംപിൽ നിന്നും മടങ്ങിയപ്പോൾ തനിച്ചായ വള്ളിയമ്മ(പൊന്നി)യ്ക്ക് തണലായി ജില്ലാ കളക്ടർ എത്തി. തൃശ്ശൂർ ചാഴൂർ പഞ്ചായത്തിലെ ചാഴൂർ കമ്മ്യൂണിറ്റി ഹാളിലൊരുക്കിയ ദുരിതാശ്വാസ ക്യാംപിലെ അന്തേവാസിയായിരുന്നു വള്ളിയമ്മ.
പുള്ള്, ആലപ്പാട്, ചാഴൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രളയബാധിതരേയും ദുരിതാശ്വാസ ക്യാംപുകളും സന്ദർശിക്കുന്നതിനിടെയാണ് ജില്ലാ കളക്ടർ എസ് ഷാനവാസും സംഘവും വള്ളിയമ്മയെ ശ്രദ്ധിച്ചത്. ക്യാംപുകൾ പിരിച്ചുവിട്ടതോടെ പോകാനിടമില്ലാതെ തനിച്ചായി പോയ വള്ളിയമ്മ കളക്ടറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പാറക്കാട്ട് വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യയാണ് വള്ളിയമ്മ. ബന്ധുക്കളാരും ഇവരെ സംരക്ഷിക്കാനില്ല. ഇതോടെ ഇവരുടെ വീടും മറ്റ് സാഹചര്യവും സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് പുനരധിവാസം സാധ്യമാക്കാൻ കളക്ടർ നിർദേശം നൽകുകയായിരുന്നു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ, സെക്രട്ടറി ജോസ് എന്നിവർ ചേർന്ന് വള്ളിയമ്മയെ താത്കാലികമായി രാമവർമ്മപുരത്തുള്ള സർക്കാർ വൃദ്ധസദനത്തിൽ എത്തിച്ചു.
വള്ളിയമ്മയുടെ ജീവിത സാഹചര്യങ്ങൾ അന്വേഷിക്കാൻ കളക്ടർ നിർദേശിച്ചത് അനുസരിച്ച് ഉദ്യോഗസ്ഥർ വീടും പരിസരവും അവസ്ഥയും പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വള്ളിയമ്മയുടെ വീടും പരിസരവും നേരിൽ കണ്ടു ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ വീടും പരിസരവും താമസയോഗ്യമല്ലെന്നാണ് ആർഡിഒയെ അറിയിച്ചത്. ഈ റിപ്പോർട്ട് കളക്ടർക്ക് കൈമാറിയിട്ടുണ്ട്.
Discussion about this post