കണ്ണൂർ: കണ്ണൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിൽ മികവ് പ്രകടിപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീയോട് കയർത്ത് സംസാരിച്ചെന്ന രീതിയിൽ വീഡിയോ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി സ്ത്രീയോട് ദേഷ്യപ്പെട്ടുകൊണ്ട് ‘പോയി ഇരിക്ക്, അവിടെപ്പോയി ഇരിക്ക്’ എന്ന് കയർക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, സോഷ്യൽമീഡിയയിലുൾപ്പടെ പ്രചരിക്കുന്ന ഈ വീഡിയോ അർധസത്യം മാത്രമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകൻ സുനിൽ ഐസക്ക്.
തനിക്കെതിരെ വിമർശനം നടത്തിയ സ്ത്രീയോട് രോഷാകുലനാകുന്ന മുഖ്യമന്ത്രി എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന വീഡിയോയിൽ സത്യാവസ്ഥ പൂർണ്ണമായി ഇല്ലെന്ന് ദൃക്സാക്ഷിയായ മീഡിയവൺ ലേഖകൻ സുനിൽ ഐസക് പറയുന്നു.
‘പ്രളയ രക്ഷാ പ്രവർത്തനത്തിൽ മികച്ച സേവനം ചെയ്തവരെ ആദരിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിന്റെ വേദിയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പതിവ് പോലെ കൃത്യ സമയത്ത് തന്നെ കളക്ട്രേറ്റ് ഹാളിലെ വേദിയിലെത്തി. പതിവിൽനിന്ന് വ്യത്യസ്തമായി സുസ്മേര വദനനായിരുന്നു മുഖ്യമന്ത്രി. വേദിയിൽ മന്ത്രിമാരായ ഇപി ജയരാജൻ, കെകെ ശൈലജ, കടന്നപ്പളളി രാമചന്ദ്രൻ തുടങ്ങി പ്രമുഖരുടെ നീണ്ട നിര.
മന്ത്രി ഇപി ജയരാജന്റെ സമീപത്തെ കസേരയിലിരുന്ന മുഖ്യമന്ത്രി അദ്ദേഹവുമായി സംസാരിച്ചിരിക്കവെയാണ് ആ സ്ത്രീ വേദിയിലേക്ക് കയറി വന്നത്. പ്രായം അമ്പതിന് മുകളിലുണ്ട്. ആദ്യം ഇപി ജയരാജനോട് സംസാരിച്ചു. പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ അവർ കൈ നീട്ടി. നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അൽപ്പനേരം അവരോട് സംസാരിച്ചു. പൊടുന്നനെ അവരുടെ ശബ്ദമുയർന്നു. ‘നിങ്ങൾ ഒന്നും ചെയ്ത് തന്നില്ല’ എന്നായിരുന്നു അവരുടെ ഉച്ചത്തിലുള്ള പരാതി. അപ്പോഴും നിറഞ്ഞ ചിരി മായാതെ തന്നെ സഭയിലേക്ക് ചൂണ്ടി ‘അവിടെ പോയി ഇരിക്കൂ’എന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
എന്നാൽ അവർ വീണ്ടും ശബ്ദമുയർത്തി പരാതി ആവർത്തിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് ഇപി ജയരാജൻ സ്ത്രീയുടെ കൈ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പിടിച്ചുമാറ്റി. ഇതോടെ മുഖ്യമന്ത്രിക്ക് നേരെ കൈ ചൂണ്ടി ‘നിങ്ങൾ എനിക്ക് ഒന്നും ചെയ്ത് തന്നില്ലെന്ന് അവർ ആക്രോശിച്ചു.
ഇത് കേട്ടതോടെ പിണറായിയുടെ മുഖഭാവം മാറി. അവരുടെ കൈ തട്ടി മാറ്റിയ പിണറായി ‘അവിടെ പോയി ഇരിക്ക്’ എന്ന് ശബ്ദമുയർത്തി. പിന്നാലെ, വേദിയിലുണ്ടായിരുന്ന ഒരാൾ അവരെ പിടിച്ച് മാറ്റി സദസിലേക്ക് കൊണ്ടു പോയി. പരിപാടി തീരും വരെ വേദിയുടെ താഴെ ഭാഗത്ത് ആ സ്ത്രീയുണ്ടായിരുന്നു. പിന്നീട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അദ്ദേഹത്തിന്റെ വാഹനത്തിൽ കയറ്റി അവരെ കൊണ്ടു പോയി. തളിപ്പറമ്പ് സ്വദേശിയായ സ്ത്രീ നേരിയ മാനസികാസ്വാസ്ഥ്യം പ്രകടപ്പിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരെത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കണ്ണൂരിലെ ഒരു വേദിയിലെത്തിയും ഇവർ സമാനരീതിയിൽ പരാതി പറഞ്ഞിരുന്നു.’-സുനിൽ ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ.
അതേസമയം, മുഖ്യമന്ത്രി പരസ്യമായി സ്ത്രീയോട് രോഷാകുലനാകുന്നു എന്ന തലക്കെട്ടിൽ ജയ്ഹിന്ദ് ചാനലടക്കം വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയാണ്. വീഡിയോ കാണാം.
Discussion about this post