മൂലമറ്റം: രോഗം കലശലായപ്പോൾ ആശുപത്രിയിലേക്ക് പോയ തന്നേയും ഭാര്യയേയും പാതിവഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവർക്കെതിരെ നിയമപോരാട്ടം നടത്തി മൂലമറ്റത്തെ എഴുപതുകാരൻ ബാലകൃഷ്ണൻ. ‘എനിക്ക് 70 വയസായി. എന്നിട്ടും ഞാൻ ആർടിഒ ഓഫീസിലെത്തി പരാതി നൽകിയത് ഇനി വേറെ ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ്. എല്ലാവർക്കും ഒരു പാഠമാവണം ഇത്.’ പാതിവഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവർ ആശ്രമം സ്വദേശി പുഷ്പരാജനെതിരെ ആർടിഒയ്ക്ക് പരാതി നൽകിയ ബാലകൃഷ്ണൻ പറയുന്നു. ഓട്ടോഡ്രൈവർക്ക് ആർടിഒ പിഴ ശിക്ഷയായി വിധിക്കുകയും ചെയ്തിരുന്നു.
ആ സംഭവത്തെ കുറിച്ച് ബാലകൃഷ്ണൻ പറയുന്നതിങ്ങനെ: ‘മൂലമറ്റം ടൗണിൽ ലോട്ടറി കച്ചവടം ആണ് എനിക്ക്. ഭാര്യയ്ക്ക് 65 വയസ്സായി. രണ്ടു മക്കളുണ്ടെങ്കിലും അവരൊക്കെ മാറി ആണ് താമസിക്കുന്നത്. അന്ന് പനി ബാധിച്ച് ന്യുമോണിയ ആയപ്പോൾ ഭാര്യയാണ് പറഞ്ഞത് തൊടുപുഴ ആൽ അസർ ആശുപത്രിയിലേക്ക് പോകാം എന്ന്. ഒരു സുഹൃത്താണ് ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ വന്നത്. ആ വണ്ടിയിൽ തൊടുപുഴയ്ക്ക് ഞാനു ഭാര്യയും പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുടയത്തൂരിൽ ഇറങ്ങി, എന്നിട്ട് ഓട്ടോറിക്ഷയുടെ വാടക 600 രൂപ താൻ കൊടുത്തിട്ടുണ്ടെന്നും ഓട്ടോകൂലി കൊടുക്കേണ്ട എന്നും പറഞ്ഞു.’
പെരുമ്പള്ളിച്ചിറയിലുള്ള അൽഅസറിന്റെ ദന്താശുപത്രിയുടെ മുന്നിൽ ഓട്ടോറിക്ഷ നിർത്തി ആശുപത്രി എത്തി എന്ന് ഡ്രൈവർ പറഞ്ഞു. ഞങ്ങൾ ഇറങ്ങിയപാടെ ഡ്രൈവർ ഓട്ടോറിക്ഷ മുന്നോട്ട് എടുത്തു. അപ്പോഴാണ് ഞാൻ ബോർഡ് കണ്ടത്. ദന്താശുപത്രിയാണെന്ന് കണ്ടപ്പോ 10 മീറ്റർ മാത്രം മുന്നോട്ടുപോയ ഓട്ടോറിക്ഷ കൈകാട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ നിർത്താതെ പോയി. പിന്നീട് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് മറ്റൊരു ഓട്ടോറിക്ഷ വിളിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടത്. ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞു.’
ആശുപത്രിയിൽ നിന്നും സുഖംപ്രാപിച്ച് ഇറങ്ങിയ ബാലകൃഷ്ണൻ നേരെ പോയത് ആർടിഒ ഓഫീസിലേക്കായിരുന്നു. ഓട്ടോഡ്രൈവർക്കെതിരെ തൊടുപുഴ ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകി. ജോയിന്റ് ആർടിഒ ഓട്ടോക്കാരനെ വിളിച്ചു വരുത്തി താക്കീത് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ഈ ഓട്ടോഡ്രൈവർ പിന്നീട് ബാലകൃഷ്ണന്റെ വീട്ടിലെത്തി ക്ഷമ ചോദിക്കുകയും ചെയ്തു.