തിരുവനന്തപുരം: അന്തരിച്ച മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്‌ലി എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദു:ഖം പങ്കിടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് 12.30 ഓടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ഈ മാസം ഒമ്പത് മുതലാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. നിയമപാണ്ഡിത്യം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സഹായമായി.രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്‌ലി.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അന്ന് ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലിയെയായിരുന്നു.കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദു:ഖം പങ്കിടുന്നു.
Discussion about this post