തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തേണ്ടത് അത്യാവശ്യമെന്ന് തിരിച്ചറിഞ്ഞ് ഒരു കൂട്ടം സർക്കാർ ജീവനക്കാർ. പ്രളയ ദുരിതാശ്വാസത്തിന് ഇത്തവണ സാലറി ചലഞ്ചില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സ്ഥിരസഹായ വാഗ്ദാനവുമായി സർക്കാർ ജീവനക്കാർ രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങളുടെ സർവീസ് തീരുന്നതുവരെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിതതുക ദുരിതാശ്വാസനിധിയിലേക്കു മാറ്റാനുള്ള സമ്മതപത്രമാണു ജീവനക്കാർ ഇത്തവണ നൽകുന്നത്. പ്രതിമാസം 500 രൂപ മുതൽ 2500 രൂപ വരെ ദുരിതാശ്വാസനിധിയിലേക്കു മാറ്റാൻ സമ്മതപത്രം നൽകിയ സർക്കാർ ജീവനക്കാരാണ് ഈ കൂട്ടത്തിലുള്ളത്. സർവീസ് അവസാനിച്ചാൽ ജീവിതാവസാനം വരെ പെൻഷനിൽ നിന്ന് തുക ഈടാക്കാനുള്ള അനുമതി നൽകിയും ചിലർ മനുഷ്യത്വത്തിന്റെ പര്യായങ്ങളായിരിക്കുകയാണ്.
അതതു വകുപ്പിലെ ശമ്പള വിതരണച്ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ് മേലധികാരിയുടെ അനുമതിയോടെ സമ്മതപത്രം നൽകുന്നത്. ഈ മാസം മുതൽ തുക ദുരിതാശ്വാസനിധിയിലേക്കു മാറ്റും. നിയമപ്രകാരമുള്ള ആദായനികുതി ഇളവും ലഭിക്കും. ജീവക്കാർ സ്വമേധയാ വേതനം പങ്കുവെയ്ക്കാൻ തയ്യാറായതോടെ സ്പാർക്ക് സോഫ്റ്റ്വെയറിൽ ഇതിനുള്ള ഓപ്ഷൻ കൂടി ചേർക്കണോ എന്ന ചർച്ചയിലാണ് ധനകാര്യ വകുപ്പ്.
Discussion about this post