കവളപ്പാറ: പന്ത്രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യമായിരുന്നു 40 സെന്റ് ഭൂമിയും ഒരു വീടും. ഇപ്പോള്‍ അവിടെ ഒരു മണ്‍കൂന മാത്രം. നിരപ്പായി കടിന്ന ആ ഭൂമി നോക്കി കണ്ണീര് പൊഴിക്കാനേ പുത്തലവന്‍ അഷ്റഫിന് ആയൊള്ളൂ. ജീവിതത്തിലെ ഏക സമ്പാദ്യമാണ് സെക്കന്റുകള്‍ക്കുള്ളില്‍ നാമവശേഷമായത്. അവിടെ ആറടിയോളം ഉയരമുള്ള മണ്‍കൂന നോക്കി അഷ്റഫ് പറഞ്ഞ, ഇനിയെല്ലാം ഒന്നില്‍നിന്ന് തുടങ്ങണം. നാലരമാസം മുന്‍പ് പണിതീര്‍ത്ത സ്വപ്നവീടാണ് പൊലിഞ്ഞത്.
എല്ലാ സങ്കടവും ഉള്ളില്‍ ഒതുക്കി ജീവിതം വീണ്ടും പണിതുയര്‍ത്താനുള്ള ശ്രമം അഷ്റഫ് ആരംഭിച്ചു. ഓരോതവണ വരുമ്പോഴും ഘട്ടംഘട്ടമായി പണിതാണ് വീട് ഉണ്ടാക്കിയതെന്ന് അഷ്റഫ് പറയുന്നു. ഇത്തവണ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയാണ് സൗദിയിലേക്ക് വിമാനം കയറിയത്. അടുത്തവട്ടം വരുമ്പോള്‍ വീട്ടില്‍ സുഖമായുറങ്ങണം. അതായിരുന്നു ആഗ്രഹം, എന്നാല്‍ വിധി കാത്തു വെച്ചത് മറ്റൊന്നായിരുന്നുവെന്ന് അഷ്റഫ് കൂട്ടിച്ചേര്‍ത്തു. ഒന്പതിനു ജോലി സ്ഥലത്തു നിന്നാണ് കവളപ്പാറയിലെ ദുരന്തം അറിഞ്ഞത്. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. ആവലാതിയില്‍ കൈയ്യിലുള്ള പൈസയെല്ലാം കൂട്ടി അടുത്ത വിമാനത്തില്‍ കയറി പത്തിനു രാത്രി കരിപ്പൂരിലെത്തി.
ഭാര്യയും മക്കളും ബന്ധുവീട്ടില്‍ സുരക്ഷിതമാണെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ നിറഞ്ഞുനിന്ന സങ്കടം കണ്ണീരായി ഒഴുകി. അവരുടെ ജീവിതം തിരിച്ചുകിട്ടിയ സന്തോഷമാണ് എല്ലാത്തിലും വലുതെന്ന് അഷ്റഫ് കൂട്ടിച്ചേര്‍ത്തു. 40 സെന്റ് സ്ഥലവും വീടുമായിരുന്നു ആകെ സമ്പാദ്യം. മൂന്നുമക്കളും വലുതാകുകയാണ്. തത്കാലം ഒരു വാടക വീട്ടിലേക്ക് മാറും. 40 വയസ്സായി, ഇത്രകാലം സമ്പാദിച്ചത് ഒരുനിമിഷത്തില്‍ തകര്‍ന്നു. കുടുംബം പോറ്റാന്‍ സൗദിയിലേക്ക് മടങ്ങണം. സഹായത്തിന് സര്‍ക്കാറും സുമനസ്സുകളും കൂടെയുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞങ്ങളെന്നും അഷ്റഫ് കണ്ണീര് തുടച്ചുകൊണ്ടു പറഞ്ഞു.