തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ട് ഇന്ന് തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. അണക്കെട്ടിന്റെ താഴ്‌വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ല. എന്നാല്‍, മറ്റ് ചില സമുദ്ര പ്രദേശങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.