തൃശ്ശൂർ: യുഎഇയിലെ അജ്മാനിൽ വണ്ടിച്ചെക്ക് കേസിൽ പിടിയിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മനഃപൂർവ്വം കുരുക്കിയതെന്ന് ആരോപണം ഉയരുന്നു. വണ്ടിച്ചെക്ക് കേസിൽ തുഷാറിനെ കുടുക്കിയ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് പരിശോധനയെക്കെത്തി. കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. മതിലകം പോലീസ് രാവിലെ നാസിൽ അബ്ദുള്ളയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചുവെന്നും അരമണിക്കൂറോളം പോലീസ് ഈ വീട്ടിൽ ഉണ്ടായിരുന്നുവെന്നുമാണ് വിവരം.
എന്നാൽ എന്തെല്ലാമാണ് പോലീസ് അന്വേഷിച്ചതെന്നും എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം എന്നൊന്നും ഇതുവരെ വ്യക്തമാക്കാൻ പോലീസ് തയ്യാറായിട്ടില്ല. അതേസമയം, നാസിൽ അബ്ദുള്ള എന്താണ് ചെയ്യുന്നതെന്നും ഇനി എന്നാണു നാട്ടിലെത്തുന്നതെന്നും പോലീസ് വീട്ടുകാരോട് അന്വേഷിച്ചതായാണ് വിവരം.
ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞായിരുന്നു പോലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പോലീസ് വിശദീകരിക്കുന്നു.
പത്തുവർഷം മുമ്പുള്ള സംഭവത്തിലാണ് തുഷാറിനെ പോലീസ് പിടികൂടിയത്. അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ആരോപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.
Discussion about this post