ദുബായ്: തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും സഹായിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും തുഷാര്‍ പറഞ്ഞു.
പണം തട്ടിയെടുക്കലായിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്നും, കോടതിക്ക് പുറത്തുള്ള ഒത്തു തീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രത്യേകിച്ച് എംഎ യൂസഫലിയുടെയും ഇടപെടലാണ് ജയില്‍ മോചനത്തിന് ഇടയാക്കിയതെന്നും തുഷാര്‍ വ്യക്തമാക്കി. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന പൂര്‍ണബോധ്യം അവര്‍ക്കുണ്ടെന്നും തുഷാര്‍ പറഞ്ഞു.
തുഷാറിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.
പത്ത് വര്‍ഷം മുമ്പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന് പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി അജ്മാന് ജയിലില്‍ കഴിയുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി . പത്ത് വര്‍ഷം മുമ്പ് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയ്ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) ചെക്ക് നല്‍കിയെന്ന കേസിലായിരുന്നു അറസ്റ്റ്.
Discussion about this post