കൊച്ചി: നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം മുമ്പ് തുറന്നുകൊടുത്ത പാലാരിവട്ടം പാലം പൊളിച്ചു നീക്കേണ്ട അവസ്ഥ വന്നതോടെ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞിനും കുരുക്ക് മുറുകുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിജിലൻസ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിൽ ഭരണാനുമതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നും ആയിരുന്നു വികെ ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. പദ്ധതികൾക്ക് ഭരണാനുമതി നൽകുന്ന ജോലി മാത്രമാണ് മന്ത്രിക്കുള്ളൂവെന്നും പിന്നാലെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. എന്നാൽ ഇതൊന്നും പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും അദേഹം പറയുന്നു. അതേസമയം, പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ അമിതലാഭം ഉണ്ടാക്കുന്നതിനായി അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി മുൻ പൊതുമരാമത്ത് മന്ത്രിയേയും ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്.