കൊല്ലം: പതിനെട്ട് വർഷം മുമ്പ് ഭർത്താവിനെ കാണാതായപ്പോൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയ ഭാര്യയെ അമ്പരപ്പിച്ച് ഭർത്താവിനെ ‘കണ്ടെത്തി’ പോലീസിന്റെ ‘ക്വിക്ക് ആക്ഷൻ’. ഭാര്യയുടെ പരാതിയിൽ 18 വർഷത്തിനു ശേഷമാണ് പോലീസ് മിന്നൽ ഇടപെടൽ നടത്തി സ്വന്തം വീട്ടിൽ നിന്നു തന്നെ ഭർത്താവിനെ പിടികൂടിയത്. കൊല്ലം വടക്കേവിള ലക്ഷംവീട്ടിൽ സുദർശനബാബുവിനെയാണ് ഇത്തരത്തിൽ പോലീസ് കണ്ടെത്തിയത്.
അന്ന് ഗുജറാത്തിലേക്കെന്ന് പറഞ്ഞ് പോയ സുദർശനബാബുവിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായപ്പോഴാണ് ഭാര്യ പോലീസിൽ പരാതി നൽകിയത്. എന്നാൽ, ഇയാൾ കുറച്ചു നാളുകൾക്കു ശേഷം തിരികെ വീട്ടിലെത്തി കുടുംബത്തോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് രണ്ടു പതിറ്റാണ്ടോളം കാലത്തിനു ശേഷം സുദർശന ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കിയത്. 2001ൽ ഭാര്യ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിക്കാതിരുന്നതും ഭർത്താവ് മടങ്ങിയെത്തി പോലീസിൽ റിപ്പോർട്ട് ചെയ്യാതിരുന്നതുമാണു ഈ കേസിൽ വിനയായത്.
കൊല്ലം വടക്കേവിള ലക്ഷംവീട്ടിൽ സുദർശനബാബുവിനും കുടുംബത്തിനുമാണ് ഈ ദ്യുരോഗം. ഇയാളെ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലെ മിസിങ് പഴ്‌സൻ ട്രാക്കിങ് യൂണിറ്റ് സംഘം സ്വന്തം വീട്ടിൽ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു. 2001ൽ ആയിരുന്നു സംഭവം നടന്നത്. അന്ന് സുദർശനബാബു ഗുജറാത്തിലുള്ള സഹോദരിയുടെ അടുത്തേക്കു ട്രെയിനിൽ പോയെങ്കിലും വഴിതെറ്റി മുബൈയിൽ എത്തി. കുറച്ചുനാളുകൾക്കുശേഷം സഹോദരിയുടെ അടുത്തെത്തുകയും പിന്നീട് തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയുമായിരുന്നു.
ഇതിനിടെ, ഭർത്താവ് തിരികെയെത്തിയ സന്തോഷത്തിൽ പരാതി നൽകിയതു ഭാര്യയും മറന്നു. സുദർശനബാബു തിരിച്ചെത്തിയത് അറിയാതിരുന്ന പോലീസ് അന്വേഷണം മാൻ മിസിങ് യൂണിറ്റിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം മണക്കാട്ടെ വീട്ടിൽ എത്തിയ സംഘം സുദർശന ബാബുവിനെ കോടതിയിൽ ഹാജരാക്കി. കോടതി കുടുംബത്തോടൊപ്പം പോകാൻ അനുമതി നൽകിയതോടെ സുദർശന ബാബു തിരിച്ച് വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. കാണാതാകൽ കേസിലെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്നാണു പോലീസ് പിന്നീട് വിശദീകരിച്ചത്.