തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമം ഊർജ്ജിതം. മദ്യപിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ഇനിയും ഒട്ടേറെ സംശയങ്ങൾ ദുരീകരിക്കാനുള്ളതിനാലാണ് മൊബൈൽ ഫോണിനായി അന്വേഷണം ശക്തമാക്കുന്നത്. മൊബൈലിന്റെ ഐഎംഇഎ നമ്പർ ഉപയോഗിച്ച് അന്നേദിവസം മൊബൈൽ സഞ്ചരിച്ചിരുന്ന റൂട്ട് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ എല്ലാ മൊബൈൽ സേവനദാതാക്കൾക്കും അന്വേഷണസംഘം പ്രത്യേകം അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
അപകടം നടന്നിട്ട് 20 ദിവസത്തോളം കഴിഞ്ഞിട്ടും സംഭവസ്ഥലത്തുനിന്നും നഷ്ടപ്പെട്ട ബഷീറിന്റെ മൊബൈലിനെക്കുറിച്ച് ഒരു തുമ്പും ലഭിക്കാത്തത് ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലുകൾ. നേരത്തെ ബഷീറിന്റെ കൊലപാതകത്തിൽ ദുരൂഹത ആരോപിച്ച് റിട്ട എസ്പി ജോർജ് ജോസഫും രംഗത്തെത്തിയിരുന്നു. ബഷീറിന്റെ ഫോൺ കണ്ടെടുക്കാൻ കഴിയാത്തതിൽ ദുരൂഹതയുണ്ടെന്നും ഇത് മനഃപൂർവ്വമായ അപകടം ആകാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
ആഗസ്റ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്. അമിത വേഗതയിൽ വന്ന കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. എന്നാൽ പത്ത് മണിക്കൂറിന് ശേഷം നടത്തിയ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല.
Discussion about this post