കൊച്ചി: ബക്രീദിന് ക്രിസ്ത്യന്‍, ഹിന്ദു കൂട്ടുകാര്‍ എത്തിയാല്‍ മതസൗഹാര്‍ദം. അമ്പലം, മുസ്ലിം യുവാക്കള്‍ വൃത്തിയാക്കിയാല്‍ മാതൃക. തുടങ്ങി മതസൗഹാര്‍ദം വിളിച്ചോതുന്ന നിരവധി ഉദാഹരണങ്ങളാണ് സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തുന്നത്. ഇപ്പോള്‍ പ്രളയകാലത്തെ മതങ്ങളെ ചേര്‍ത്തുപിടിച്ച് നടത്തുന്ന മുതലെടുപ്പുകള്‍ക്കെതിരെ തുറന്ന എഴുത്തുമായി എത്തിയിരിക്കുകയാണ് സൈബര്‍ എഴുത്തുകാരനായ സന്ദീപ് ദാസ്.
ഒറ്റനോട്ടത്തില്‍ നിര്‍ദോഷമെന്ന് തോന്നുന്ന ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും അതിന്റെ ദോഷം മനസിലാക്കാതെ സമൂഹമാധ്യമങ്ങളില്‍ യുവാക്കളുള്‍പ്പെടെ പങ്കുവയ്ക്കപ്പെടുന്നതിനെക്കുറിച്ചുമാണ് സന്ദീപ് കുറിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ യുവാക്കളെ പോസ് ചെയ്ത് എടുപ്പിച്ച ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് സന്ദീപ് ദാസ് വിമര്‍ശനം തൊടുക്കുന്നത്. മതസൗഹാര്‍ദ്ദം എന്ന പേരില്‍ അരങ്ങേറുന്ന കാപട്യം നിറഞ്ഞ കോപ്രായങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സന്ദീപ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പറയാതെ വയ്യ.പ്രളയത്തേക്കാള്‍ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങള്‍.ഓണം,ക്രിസ്തുമസ്,ബക്രീദ് മുതലായ അവസരങ്ങളില്‍ മാത്രം ഇത് സഹിച്ചാല്‍ മതിയായിരുന്നു. പക്ഷേ കാവിമുണ്ടും കുരിശുമാലയും വെള്ളത്തൊപ്പിയും ധരിച്ച സുഹൃത്തുക്കള്‍ വെള്ളപ്പൊക്കത്തിന്റെ സമയത്തും എത്തിയിരിക്കുന്നു ! ഈ ഫോട്ടോയില്‍ യാതൊരുവിധ അസ്വാഭാവികതയും കണ്ടെത്താന്‍ സാധിക്കാത്ത ഒരുപാട് നിഷ്‌കളങ്കര്‍ നമ്മുടെ നാട്ടിലുണ്ട്.പലരും ഇത്തരം ചിത്രങ്ങള്‍ അഭിമാനപൂര്‍വ്വം അയച്ചുതരാറുമുണ്ട്.പിന്തുണയ്ക്കാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് ഈ പ്രഹസനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരം ചിത്രങ്ങളുടെ പ്രശ്‌നം എന്താണെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരെ മതങ്ങളുടെ അടിസ്ഥാനത്തില്‍ ചാപ്പയടിക്കുന്ന ഏര്‍പ്പാട് തന്നെയാണിത്.സ്വാഭാവികമായി എടുക്കപ്പെടുന്ന ചിത്രങ്ങളല്ല ഇവ എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും.ഫോട്ടോയെടുക്കുന്നതിനുവേണ്ടി വേഷം കെട്ടുകയാണ് ! നീ ഹിന്ദുവാണെന്നും ഞാന്‍ മുസ്ലീമാണെന്നും പറയാതെ പറയുകയാണ്.മനുഷ്യത്വം എന്ന സങ്കല്‍പ്പത്തിന് അവിടെ പ്രസക്തി നഷ്ടപ്പെടുന്നു.
സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രവണതയാണിത്.എന്റെ സുഹൃത്തുക്കളെ ‘ഹിന്ദുസുഹൃത്ത് ‘ , ‘മുസ്ലീം സുഹൃത്ത് ‘ എന്നൊന്നും ഇതുവരെ വേര്‍തിരിച്ചിട്ടില്ല.ഭാവിയില്‍ വേര്‍തിരിക്കുകയുമില്ല.’സുഹൃത്ത് ‘ എന്ന് മാത്രമേ പറയുകയുള്ളൂ. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ശബരിമലയ്ക്ക് പോയിട്ടുണ്ട്.അന്ന് മറ്റു മതസ്ഥരായ സുഹൃത്തുക്കള്‍ പല സഹായങ്ങളും ചെയ്തിരുന്നു.പക്ഷേ അതൊക്കെ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണെന്നുപോലും തോന്നിയിരുന്നില്ല.അത്തരം കാര്യങ്ങള്‍ വലിയ സംഭവം പോലെ പലരും ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട് !
ചന്ദനക്കുറിയണിഞ്ഞ് പെരുന്നാള്‍ ബിരിയാണി കഴിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാലമാണിത്.ഏതുനിമിഷവും നിങ്ങളുടെ മുഖം ക്യാമറയില്‍ പതിഞ്ഞേക്കാം! കുരിശുമാലയണിഞ്ഞവനും വെള്ളത്തൊപ്പി ധരിച്ചവനും ഒന്നിച്ചിരിക്കുന്നത് മഹത്തായ ഒരു സംഭവമായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ പോക്ക് കുഴപ്പത്തിലേക്കാണ്.അതെല്ലാം തികച്ചും സാധാരണമായ കാര്യങ്ങളാണ്.ആഘോഷമാക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിനെ പേടിക്കണം !
മതസൗഹാര്‍ദ്ദം ഇങ്ങനെ നിര്‍ബന്ധപൂര്‍വ്വം കുത്തിവെയ്‌ക്കേണ്ട ഒന്നല്ല.അത് സ്വാഭാവികമായി ഉണ്ടാകണം.കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നാം അത് കണ്ടതല്ലേ? കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത് പോത്തുകല്ല് പള്ളിയില്‍ വെച്ചാണ്. മുസ്ലീങ്ങളല്ലാത്തവരുടെ ദേഹങ്ങള്‍ പള്ളിയില്‍ കൊണ്ടുവരുന്നത് ശരിയാണോ എന്ന് ചിലര്‍ ചോദിച്ചുവെത്രേ! ”മനുഷ്യരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ” എന്നായിരുന്നു മഹലിന്റെ വക്താക്കളുടെ മറുപടി.
വെള്ളം കയറിയ ചില ക്ഷേത്രങ്ങള്‍ വൃത്തിയാക്കിയത് അഹിന്ദുക്കളായിരുന്നു.ദൈവങ്ങളൊന്നും അതിന്റെ പേരില്‍ കോപിച്ചതായി കണ്ടില്ല ! 2018ലെ പ്രളയം ഇതിനേക്കാള്‍ രൂക്ഷമായിരുന്നു.അന്ന് അമ്പലങ്ങളും പള്ളികളുമൊക്കെ സുരക്ഷിതതാവളങ്ങളായി പരിണമിച്ചിരുന്നു.അവിടെ കിടന്നുറങ്ങിയവരുടെ ജാതിയും മതവും ഒന്നും ആരും ചോദിച്ചിരുന്നില്ല. ഈ നാടിനുവേണ്ടി തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും എടുത്തുകൊടുത്ത നൗഷാദിനെ ആര്‍ക്കെങ്കിലും മറക്കാനാകുമോ? ആ പ്രവൃത്തിയില്‍ മതം ആരോപിക്കാന്‍ സാമാന്യബോധമുള്ള ആര്‍ക്കെങ്കിലും സാധിക്കുമോ?
അതുപോലെ എത്രയെത്ര പച്ചമനുഷ്യരാണ് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കൈകോര്‍ത്തത് ! ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുമ്പോഴും,ദുരിതാശ്വാസനിധിയിലേക്ക് വലിയ സംഖ്യകള്‍ സംഭാവന ചെയ്തവരുണ്ട്.സഹജീവികള്‍ക്കുവേണ്ടി അഹോരാത്രം വിയര്‍പ്പൊഴുക്കിയവരുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തുതോല്‍പ്പിക്കുന്ന കാര്യത്തിലും നാം ഒറ്റക്കെട്ടായിരുന്നു.അതാണ് മനുഷ്യത്വം ! അതാണ് മതേതരത്വം ! അല്ലാതെ ഫോട്ടോയെടുത്ത് ഉണ്ടാക്കുന്നതല്ല ! അതുകൊണ്ട് മതസൗഹാര്‍ദ്ദം എന്ന പേരില്‍ അരങ്ങേറുന്ന കാപട്യം നിറഞ്ഞ കോപ്രായങ്ങളെ ശക്തമായി എതിര്‍ക്കുകതന്നെ വേണം.അക്കാര്യത്തില്‍ ഒരു ദാക്ഷിണ്യവും വേണ്ട…
Discussion about this post