വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ വൈദീകനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍. മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ നോബിള്‍ തോമസിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ലേമെന്‍ അസോസിയേഷന് ഭാരവാഹികളാണ് പരാതി നല്‍കിയത്. മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
സ്ത്രീകളെ സമൂഹമാധ്യത്തിലൂടെ അപമാനിച്ച വൈദികനെതിരെ കര്‍ശന നടപടി വേണം. കൊട്ടിയൂര്‍ പീഡന സംഭവത്തിനു ശേഷവും രൂപത ഇത്തരം വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. സിസ്റ്റര്‍ ലൂസിക്കെതിരായ അതിക്രമത്തില്‍ ബിഷപ്പ് തുടരുന്ന മൗനം സംശയകരമാണെന്നും പരാതിയില്‍ പറയുന്നു. മാനന്തവാടി ബിഷപ്പ് ഹൗസില്‍ എത്തിയാണ് വിശ്വാസികളുടെ സംഘടന പരാതി നല്‍കിയത്.
സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മഠത്തില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ദൃശ്യങ്ങള്‍ മാറ്റിയ വീഡിയോയാണ് അപവാദ പ്രചരണങ്ങള്‍ക്ക് ഫാദര്‍ നോബിള്‍ ഉപയോഗിച്ചത്.
ഇതിനെതിരെ സിസ്റ്റര്‍ നല്കിയ പരാതിയില്‍ ഫാദര്‍ നോബിള്‍ അടക്കം ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post