തൃശ്ശൂര്‍: ജോലിക്കായി 25 ലക്ഷം കൊടുത്തിട്ടും ജോലി ലഭിക്കാതെ വഞ്ചിക്കപ്പെട്ടുവെന്ന പരാതിയുമായി യുവതി. അര്‍ബുദരോഗം ബാധിച്ച ഷൊര്‍ണൂര്‍ സ്വദേശിയായ ജിജിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അകാലത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുകയും കടംവാങ്ങിയ പണവും ചേര്‍ത്ത് 25 ലക്ഷം രൂപ ജോലിക്കായി നല്‍കിയെന്നാണ് ജിജി പറയുന്നത്. സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ജിജിയുടെ ആരോപണം.
സംഭവത്തില്‍ കുന്നംകുളം ആസ്ഥാനമായുള്ള സഭയുടെ പരമാധ്യക്ഷനും സ്ഥിരം ട്രസ്റ്റിയുമായ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തതായി എസിപി ബിജുഭാസ്കര്‍ പറയുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്നു ജിജി. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും അര്‍ബുദ രോഗത്തിന്റെ ബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസം നേടുന്നതിനായി സഭയുടെ പ്രാര്‍ത്ഥനകളില്‍ ജിജി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ജിജിക്ക് സഭാമേലധ്യക്ഷന് പുതിയ ഹയര്‍ സെക്കന്ററി സ്കൂളില്‍ 25 ലക്ഷത്തിന് അധ്യാപകജോലി വാഗ്ദാനം ചെയ്തത്.
ഈ വാക്കുകളില്‍ വിശ്വസിച്ച ജിജി ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുകയും പലയിടത്ത് നിന്ന് കടംവാങ്ങിയും 25 ലക്ഷം കൊടുക്കുകയായിരുന്നു. സഭയുടെ ട്രസ്റ്റിയെയാണ് തുക ഏല്‍പ്പിച്ചത്. മൂന്ന് തവണയായിട്ടാണ് ജിജി പണം ഏല്‍പ്പിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും സെറ്റും പാസായതാണ് ജിജി. നിയമനക്കോഴയായതിനാല് രശീതി കിട്ടിയിട്ടില്ല. 2015 ജൂലായ് മുതല്‍ സഭയുടെ തൃശ്ശൂര്‍ തൊഴിയൂരിലെ സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ ഗസ്റ്റ് ലക്ചററായി നിയമിച്ചു.
സ്ഥിര നിയമനം ഉടന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇക്കൊല്ലം പ്ലസ്ടുവിലെ ഒഴിവിലേക്ക് ഹൈസ്കൂളിലെ അധ്യാപികയ്ക്ക് സ്ഥാനക്കയറ്റം നല്കി. എന്തുകൊണ്ട് നിയമനം തന്നില്ലെന്ന് ചോദിച്ച ജിജിയെ ഗസ്റ്റ് അധ്യാപികസ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്നും നല്‍കിയിരിക്കുന്ന പരാതിയിലുണ്ട്. തുടര്‍ന്ന് 25 ലക്ഷം തിരികെ ചോദിച്ചപ്പോള്‍ പണം കിട്ടിയിട്ടില്ലെന്നായിരുന്നു സഭാമേധാവിയും സ്ഥിരം ട്രസ്റ്റിയുമായ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയും പറഞ്ഞതെന്ന് ജിജി പറയുന്നു. മെത്രാപ്പൊലീത്തയുടെ നിര്‍ദേശപ്രകാരം ട്രസ്റ്റിയായ വില്‍സണെയാണ് പണം ഏല്‍പ്പിച്ചതെന്ന് ജിജി കൂട്ടിച്ചേര്‍ത്തു.
Discussion about this post