കളമശ്ശേരി: പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന്റെ ഉത്തരവാദികളെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. എറണാകുളം കളമശ്ശേരിയില്‍ ആര്‍എസ്എസ് അനുകൂല സംഘടന സംഘടിപ്പിച്ച രക്ഷാബന്ധന് വേദിയില്‍ നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് ജേക്കബ് തോമസ് വീണ്ടും ആര്‍എസ്എസ് വേദിയില്‍ എത്തിയത്.
നെറ്റിയില്‍ സിന്ദൂരക്കുറിയണിയിച്ചാണ് ജേക്കബ് തോമസിനെ ആര്‍എസ്എസ് വേദിയിലേക്ക് സ്വീകരിച്ച് ഇരുത്തിയത്. സംഘടനയുടെ സംസ്ഥാന നേതാക്കളടക്കം അണിനിരന്ന വേദിയില്‍ രക്ഷാബന്ധന് മഹോത്സവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിജിലന്‍സ് ഡയറക്ടറായിരിക്കേ ഇക്കോളജിക്കല്‍ വിജിലന്‍സ് എന്ന ആശയം നടപ്പാക്കാനുളള ശ്രമത്തിനെതിരെ കടുത്ത സമ്മര്‍ദമുണ്ടായെന്നും പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന് ഉത്തരവാദികളെന്നുമാണ് വേദിയില്‍ അദ്ദേഹം വിമര്‍ശിച്ചത്.
നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ച ഐടി മിലന് ഗുരു പൂജയില്‍ പങ്കെടുത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിവാദങ്ങളെയെല്ലാം തള്ളിയാണ് ജേക്കബ് തോമസ് വീണ്ടും ആര്‍എസ്എസ് വേദിയില്‍ എത്തിയിരിക്കുന്നത്.
Discussion about this post